മഞ്ചേരി: നിർമ്മാണ തൊഴിലാളിയായ മഞ്ചേരി പുത്തൻവീട്ടിൽ ബാലചന്ദ്രനെ ഇപ്പോൾ നാടറിയുന്നത് ശിൽപ്പിയായാണ്. ലോക്ക് ഡൗൺ കാലമാണ് ബാലചന്ദ്രന്റെ ഇമേജ് മാറ്റിമറിച്ചത്. വെറുതേയിരുന്നപ്പോൾ ചിരട്ടകളിൽ ബാലചന്ദ്രൻ തീർത്ത വൈവിദ്ധ്യങ്ങൾ സോഷ്യൽമീഡിയ വഴി ഇപ്പോൾ നാട്ടിലെങ്ങും ഹിറ്റാണ്.

സ്‌കൂട്ടർ, ആമ, എലി, ഓട്ടോറിക്ഷ, നിലവിളക്ക്, പേന, തെങ്ങ്, പൂച്ചെടികൾ തുടങ്ങി നിരവധി രൂപങ്ങൾ ബാലചന്ദ്രന്റെ കരവിരുതിൽ ചിരട്ടകളിൽ പിറന്നു. ലോക്ക് ഡൗണിൽ വീട്ടിലകപ്പെട്ടതോടെയാണ് ഈ ആശയം ബാലചന്ദ്രന്റെ മനസിലുദിച്ചത്. തൊഴിൽ പോലുമില്ലാതെ വെറുതെയിരുന്നപ്പോൾ മഹാമാരിയുടെ ആശങ്കകളിൽ നിന്ന് രക്ഷതേടുക കൂടിയായിരുന്നു ബാലചന്ദ്രൻ.
ഭാര്യയും രണ്ടുമക്കളും പൂർണ്ണ പിന്തുണയുമായെത്തി. പുതിയ മേഖലയിലേയ്ക്കുള്ള യാത്ര വലിയൊരനുഭവമായിരുന്നെന്ന് ഈ കലാകാരൻ പറയുന്നു.
ചിരട്ടകൾ ഇനി ബാലചന്ദ്രന് വെറുതെ കളയാനുള്ളതല്ല. വഴികളടഞ്ഞ കാലത്ത് സ്വയം തുറന്ന വഴിയിലേക്കുള്ള വാതിലുകളാണ്.