പൊന്നാനി: കൊവിഡും ലോക്ക് ഡൗണും റംസാൻ കാലത്തെ പല ശീലങ്ങളെയും മാറ്റിമറിച്ചെങ്കിലും മുത്താഴക്കുറ്റിയുടെ വെടിയൊച്ചയ്ക്ക് മാറ്റമില്ല. വിശുദ്ധ റംസാനിലെ രാവുകളെ സക്രിയമാക്കിയിരുന്ന വെടിയൊച്ചകൾ പുതിയ തലമുറയിലെ കുട്ടികളെയും ആകർഷിക്കുന്നുണ്ട്.
കാലത്തിന്റെ മാറ്റങ്ങളെ സ്വീകരിക്കാതെ പഴയ രീതിയിൽ തന്നെ മുത്താഴക്കുറ്റികൾ ഇന്നും സുലഭമാണ്. രാത്രി നമസ്ക്കാരമായ തറാവീഹ് മുതൽ അത്താഴം വരെയുളള സമയം തളളി നീക്കാൻ കുട്ടികൾ റംസാൻ കാലങ്ങളിൽ ഏർപ്പെടുന്ന വിനോദമാണ് മുത്താഴവെടി പൊട്ടിക്കൽ. പള്ളികളിൽ തറാവീഹില്ലാത്ത ഇത്തവണത്തെ റംസാൻ നോമ്പുതുറയ്ക്കുശേഷം കുട്ടികൾ മുത്താഴക്കുറ്റിയുമായിരിക്കുന്ന കാഴ്ച്ചയാണ് വീടുകളിലുള്ളത്.
തറാവീഹ് നമസ്ക്കാരം കഴിഞ്ഞാൽ കുടുംബങ്ങളും സുഹൃത്തുക്കളും ചേർന്നിരുന്ന് പലഹാരങ്ങൾ കഴിക്കുന്നതിനെ മുത്താഴമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. ഈ സമയത്ത് നടക്കുന്ന വിനോദമായതിനാലാണ് മുത്താഴവെടിക്ക് ഇങ്ങിനെയൊരു പേര് വന്നത്. റംസാനിലെ 30 ദിവസവും വ്യത്യസ്ത വീടുകളിൽ നിന്നാവും മുത്താഴം. റവ ഉപയോഗിച്ചുണ്ടാക്കുന്ന തരിക്കഞ്ഞിയായിരുന്നു മുത്താഴത്തിലെ പാനിയം. കൂട്ടുകുടുംബ രീതികൾ ഇല്ലാതായതോടെ മുത്താഴവും വീടുകളിൽ നിന്ന് പടിയിറങ്ങി.
സ്കൂൾ അദ്ധ്യയനം ജനറൽ കലണ്ടറിലേക്ക് മാറിയതോടെയാണ് മുത്താഴക്കുറ്റികൾ പരിമിതപ്പെടാൻ തുടങ്ങിയത്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് പഴമക്കാർ കണ്ടു ശീലിച്ച പീരങ്കിയിൽ നിന്നാണ് മുത്താഴക്കുറ്റികൾ രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.
നിർമ്മാണമിങ്ങനെ
പഴയകാലത്തെ പീരങ്കികളുടെ മാതൃകയിലാണ് മുത്താഴക്കുറ്റികൾ നിർമ്മിക്കുന്നത്.
മുളക്കുറ്റിയാണ് പ്രധാന ഭാഗം. അഞ്ചടി നീളത്തിലുളള മുളങ്കുറ്റിയുടെ ഒരറ്റം കയർ ഉപയോഗിച്ച് വരിഞ്ഞുകെട്ടും. മറ്റേ അറ്റത്ത് ചെറിയ ദ്വാരമുണ്ടാക്കും. ഇതിലൂടെ വായു നിറച്ച ശേഷം തീ കാണിച്ചാൽ വെടിപൊട്ടുന്ന ശബ്ദത്തിൽ ഒച്ചയുണ്ടാകും. മുളങ്കുറ്റിയുടെ ഒരറ്റത്തുകൂടെ ഇടയ്ക്കിടെ മണ്ണെണ്ണ ഒഴിച്ചുകൊടുക്കണം. തീ കാണിക്കാൻ പന്തത്തിന്റെ ചെറിയ മാതൃകയിലുളള വസ്തുവുമുണ്ടാകും.