മലപ്പുറം: താങ്കൾ ക്യൂവിലാണ്, ദയവായി അപ്പോയ്മെന്റെടുക്കൂ. ലോക്‌ഡൗണോളം നീണ്ട മുടിയുമായി ബാർബർ ഷോപ്പുകളിലെത്തിയവർക്കുള്ള അറിയിപ്പാണിത്. വെറുതെ വന്നാൽപോരാ, വൃത്തിയുള്ള തുണിയും ടവ്വലും കൊണ്ടുവരണം. അപരിചിതരാണെങ്കിൽ വരികയേ വേണ്ട. നീണ്ടുവള‌ർ‌ന്ന മുടിയും താടിയുമായി ബാർബർ ഷോപ്പുകളിൽ എത്തിയവരുടെ മുന്നിൽ നിബന്ധനകളുടെ നീണ്ട ലിസ്റ്റുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി മുടിവെട്ടാനെത്തുന്നവർ തുണി കൊണ്ടുവരണമെന്നത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമാണ്. മാസ്കിടാൻ തുടക്കത്തിൽ മടിച്ചപോലെ ഇക്കാര്യം ശ്രദ്ധിക്കാനും പലർക്കും മടിയുണ്ട്. സ്ഥിരം കസ്റ്റമേഴ്സിനോട് തറപ്പിച്ചുപറയാൻ ബാർബർ‌മാർക്കും മടി. പഴയ തുണികളെല്ലാം ഒഴിവാക്കി പുതിയ തുണിയാണ് മിക്ക ബാർബർ ഷോപ്പുകളിലും ഉപയോഗിക്കുന്നത്. എന്നാൽ ഒരുദിവസം നിരവധിപേർക്കായി ഉപയോഗിക്കുന്നുണ്ട്.

ഒരുസമയത്ത് രണ്ടുപേരിൽ കൂടുതൽ കാത്തുനിൽക്കാൻ പാടില്ലെന്ന നിർദ്ദേശത്തെ തുടർന്ന് ഫോണിൽ ബുക്ക് ചെയ്യുന്ന സംവിധാനമാണ് മിക്കവരും സ്വീകരിച്ചത്. ഇതിനിടെ സമയത്തെ ചൊല്ലി അപ്പോയ്മെന്റെടുത്തവർ‌ തമ്മിൽ കശപിശയുമുണ്ടായി. തലമുടിയുടെ കാര്യമായതിനാൽ കൃത്യസമയം പറയാൻ പറ്റില്ലെന്ന് ബാ‌ർബ‌‌ർമാരും. ഭൂരിഭാഗം പേരും നീണ്ടുവള‌ർ‌ന്ന മുടിയുമായാണ് ബാ‌ർബ‌ർ ഷോപ്പുകളിലെത്തുന്നത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ബാർബർമാരെ ആശ്രയിച്ചാണ് നഗരങ്ങളിലെ ഷോപ്പുകൾ മുന്നോട്ടുപോവുന്നത്. മലപ്പുറം നഗരത്തിലെ പകുതിയിലധികം ഷോപ്പുകളിലും ഇവരാണ്. പലരും നാട്ടിലേക്ക് യാത്ര തിരിച്ചതോടെ ജോലിക്കാരില്ലാത്ത അവസ്ഥയുണ്ട്.

എ.സി ഒഴിവാക്കി വാതിലുകൾ തുറന്നിട്ടാണ് ബാർബർ ഷോപ്പുകൾ പ്രവർത്തിച്ചത്. ജീവനക്കാരും മുടിവെട്ടാനെത്തിയവരും മാസ്‌കുകൾ ധരിച്ചിരുന്നു. എന്നാൽ മുടിവെട്ടാനുള്ള സൗകര്യം കണക്കിലെടുത്ത് മാസ്‌കുകൾ ഒഴിവാക്കി. ജലദോഷവും പനിയുമുള്ളവ‌ർക്ക് പ്രവേശനമില്ലെന്ന നിർ‌ദ്ദേശം ഷോപ്പുകളിൽ പ്രദർ‌ശിപ്പിച്ചിട്ടുണ്ട്. മുടിവെട്ടുന്ന കസേരകൾ തമ്മിൽ ഒരുമീറ്റർ അകലം വേണമെന്നതും ഓരോ ഉപയോഗ ശേഷവും കസേരയും ഉപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തായാക്കണമെന്നുമുള്ള നിർ‌ദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല.