kanjav

നിലമ്പൂർ: തണ്ണിമത്തൻ കയറ്റിയ ലോറിയിൽ കർണ്ണാടകയിൽ നിന്ന് കടത്താൻ ശ്രമിച്ച 58.5 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ലോറിഡ്രൈവർമാരായ വയനാട് വൈത്തിരി പന്തിപ്പൊയിൽ കൂനൻകരിയാട് വീട്ടിൽ ഹാഫിസ് (29)​, കോഴിക്കോട് നരിക്കുനി പാലങ്ങാട് വൈലാങ്കര വീട്ടിൽ സഫ്തർ ഹാഷ്മി(26)​ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

സ്‌​റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വടപുറം സ്വകാര്യ ആശുപത്രിക്ക് മുന്നിൽ കെ.എൻ.ജി റോഡിൽ വച്ചാണ് കഞ്ചാവ് പിടിച്ചത്. ലോറി കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സംഘത്തെ കീഴ്‌പ്പെടുത്തി രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം പരാജയപ്പെട്ടു. ഡ്രൈവറുടെ ക്യാബിനുള്ളിൽ ഒരു ചാക്കിലും ക്യാബിനു മുകളിൽ ടാർപ്പായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബോൾരൂപത്തിലുള്ള 27 പാക്കറ്റുകളിൽ 2. 200 കിലോഗ്രാം വീതം കഞ്ചാവ് നിറച്ചിരുന്നു. കർണ്ണാടകയിൽ നിന്നും നാടുകാണി ചുരം വഴി നിലമ്പൂരിലെത്താനായിരുന്നു പ്രതികളുടെ പ്ലാൻ. എന്നാൽ പൈലറ്റ് വാഹനത്തിൽ വന്നവർ നൽകിയ വിവരത്തെ തുടർന്ന് വയനാട് വടുവൻചാൽ വഴി തിരിച്ചുവിട്ടു. ഇവിടെ നിന്നും കഞ്ചാവ് ഇന്നോവ ക്രിസ്റ്റാ കാറിൽ കയറ്റിയെങ്കിലും റോഡിൽ പരിശോധന നടക്കുന്നെന്ന വിവരത്തെ തുടർന്ന് തിരിച്ച് ലോറിയിലേക്ക് തന്നെ കയറ്റി. താമരശ്ശേരി ചുരം വഴിയാണ് നിലമ്പൂരിലേക്കെത്തിയത്.

കഞ്ചാവ് കടത്തിന് പ്രതിഫലമായി 30,​000 രൂപ വാഗ്ദാനം ചെയ്തിരുന്നതായി പ്രതികൾ മൊഴിനൽകിയെന്ന് നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ പറഞ്ഞു.

ലോക്ക് ഡൗണിനെ തുടർന്ന് ലഭ്യത കുറഞ്ഞതിനാൽ കഞ്ചാവുവിലയിൽ വലിയ വർദ്ധനവുണ്ട്. നിലവിൽ കിലോയ്ക്ക് 50,000 രൂപ വരെ ലഭിക്കുമെന്നും കോഴിക്കോട് വട്ടോളി സ്വദേശിയാണ് കടത്തിന് പിന്നിലെ പ്രധാന കണ്ണിയെന്നും പ്രതികൾ മൊഴി നൽകി

​​​​​​​​​​