പെരിന്തൽമണ്ണ: ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി മോഷ്ടിച്ച ആറ് കേസുകളിലെ ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതിവകുപ്പ് 19.50 ലക്ഷം രൂപ പിഴയായി ഈടാക്കി. അങ്ങാടിപ്പുറം, കാടാമ്പുഴ, തലപ്പാറ, മഞ്ചേരി നോർത്ത്, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ വീടുകളിലാണ് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് വൈദ്യുതി മോഷണം കണ്ടെത്തിയത്.
മീറ്റർ റീഡിംഗിനെത്തിയവർക്ക് സംശയം തോന്നിയതിനെത്തുടർന്ന് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കാടാമ്പുഴ, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ വീടുകളിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ മോഷണവും അങ്ങാടിപ്പുറം തട്ടാരക്കാട്ടെ വീട്ടിൽ നിന്ന് 3.17 രൂപയും തൊട്ടടുത്ത വീട്ടിൽനിന്ന് 50,​0000 രൂപയുടെ മോഷണവുമാണ് പിടികൂടിയത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ആന്റോ പുതുക്കാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.