മൺസൂൺ വൈകിയാൽ പാടുപെടും
മലപ്പുറം: മൺസൂണിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വേനൽമഴ ജില്ലയെ നിരാശപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് ഒന്നുമുതൽ മേയ് 20 വരെ ജില്ലയിൽ വേനൽമഴയിൽ 16 ശതമാനത്തിന്റെ കുറവുണ്ട്. 225.3 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 188.6 മില്ലീ മീറ്ററാണ് ലഭിച്ചത്.
ഒരാഴ്ച്ചയ്ക്കിടെ മഴയിൽ നാല് ശതമാനത്തിന്റെ കുറവുണ്ട്. മേയ് 14 മുതൽ ഇന്നലെ വരെ 45.9 ശതമാനം മഴയായിരുന്നു പ്രതീക്ഷിച്ചതെങ്കിൽ 43.9 ശതമാനമേ ലഭിച്ചുള്ളൂ. വയനാട്, പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് 86 ശതമാനം അധികമഴ ലഭിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടിമഴ കിട്ടി. ജില്ലയിൽ ഏപ്രിൽ അവസാനത്തിലും മേയ് തുടക്കത്തിലും വേനൽമഴ തീർത്തും മാറി നിന്ന അവസ്ഥയായിരുന്നു. ഇക്കാലയളവിൽ അമ്പത് ശതമാനത്തിലധികം മഴയുടെ കുറവാണുണ്ടായിരുന്നത്. മേയ് പകുതിയോടെയാണ് വേനൽമഴ വീണ്ടും കിട്ടിത്തുടങ്ങിയത്. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ച വീണ്ടും നിരാശപ്പെടുത്തി. മൺസൂൺ നേരത്തെ എത്തുമെന്നാണ് പ്രവചനമെങ്കിലും ഇതിൽ മാറ്രമുണ്ടായാൽ കുടിവെള്ള ക്ഷാമം വർദ്ധിക്കും.
ജില്ല ലഭിച്ച മഴ പ്രതീക്ഷിച്ചത് വ്യത്യാസം ശതമാനത്തിൽ
(മില്ലീമീറ്ററിൽ)
മലപ്പുറം: 188.6 - 225.3 - 16 (കുറവ്)
കോഴിക്കോട് : 267.8 - 225.1 - 19 (അധികം)
വയനാട് : 248.2 - 196.6 - 26 (അധികം)
പാലക്കാട് : 146 - 190.2 - 23 (കുറവ്)
പത്തനംതിട്ട : 703.7 - 392.2 - 79 (അധികം)
സംസ്ഥാനത്ത് 19 ശതമാനം അധികമഴ ലഭിച്ചു