മലപ്പുറം: കൊവിഡിനെ തുടർന്ന് നിറുത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിൽ പുനരാരംഭിച്ചു. ജില്ലയ്ക്കകത്ത് വിവിധ ഡിപ്പോകളിൽ നിന്നായി ഇന്നലെ 29 ബസുകൾ സർവീസ് നടത്തി. മലപ്പുറം, നിലമ്പൂർ ഡിപ്പോകളിൽ നിന്നായി ഒമ്പതുവീതവും പൊന്നാനിയിൽ നിന്ന് ആറും പെരിന്തൽമണ്ണയിൽ നിന്ന് അഞ്ചും സർവീസുകളുണ്ടായിരുന്നു. രാവിലെ ഏഴിനാരംഭിച്ച് വൈകിട്ട് ഏഴിനവസാനിക്കുന്ന രീതിയിൽ ജില്ലയ്ക്കകത്തു മാത്രമാണ് സർവീസ്.
മലപ്പുറം ഡിപ്പോയിൽ നിന്ന് തിരൂർ, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്കായാണ് ഒമ്പത് സർവീസുകൾ നടത്തിയത്. നിലമ്പൂരിൽ നിന്ന് വഴിക്കടവ്-കൊണ്ടോട്ടി റൂട്ടിൽ ആറും നിലമ്പൂർ - പെരിന്തൽമണ്ണ റൂട്ടിൽ മൂന്നും അടക്കം ഒമ്പത് സർവീസുകൾ നടത്തി. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് കൊണ്ടോട്ടി, നിലമ്പൂർ, അരീക്കോട്, വളാഞ്ചേരി, യൂണിവേഴ്സിറ്റി ഭാഗങ്ങളിലേക്കായാണ് അഞ്ച് സർവീസുകൾ നടത്തിയത്. പൊന്നാനി ഡിപ്പോയിൽ നിന്നും ആറ് സർവീസുകൾ നടത്തി. കൂടാതെ ആരോഗ്യവകുപ്പ് ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സിയുടെ 10 പ്രത്യേക സർവീസുകളും ജില്ലയിൽ ദിവസേന നടത്തുന്നുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യജാഗ്രത ഉറപ്പുവരുത്തിയാണ് കെ.എസ്.ആർ.ടിസി സർവീസ് നടത്തിയത്. രണ്ട് പേർക്കിരിക്കാവുന്ന സീറ്റിൽ ഒരാളും മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ അകലം പാലിച്ച് രണ്ടുപേരുമാണ് യാത്ര ചെയ്തത്. നിശ്ചിത സാമൂഹിക അകലം പാലിച്ച് പിൻവശത്തെ വാതിലിലൂടെ കയറി മുൻവശത്തെ വാതിലിലൂടെ ഇറങ്ങുന്ന രീതിയിലാണ് ക്രമീകരണം. യാത്രക്കാർ ബസിൽ കയറുംമുമ്പ് കൈകൾ അണുവിമുക്തമാക്കാനായി എല്ലാ ബസുകളിലും സാനിറ്റൈസർ ലഭ്യമാക്കിയിട്ടുണ്ട്.