വഴിക്കടവ്: മൃഗവേട്ടയ്ക്കിടെ വനപാലകരുടെ മുമ്പിലകപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വഴിക്കടവ് പൂവ്വത്തിപൊയിൽ ഡീസന്റ്കുന്ന് കോളനിയിലെ കണ്ണത്താനത്ത് വിജയൻ(38) ആണ് പിടിയിലായത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ കാട്ടിൽ ഉപേക്ഷിച്ച നാടൻതോക്ക് കണ്ടെടുത്തു.
ബുധനാഴ്ച രാത്രി എട്ടോടെ നെല്ലിക്കുത്ത് വനത്തിലാണ് സംഭവം. വനത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ നിന്നാണ് വേട്ടയെക്കുറിച്ച് വിവരം ലഭിച്ചത്. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് വിജയൻ മൊഴി നൽകിയിട്ടുണ്ട്. സംഘത്തിലെ പൂവത്തിപ്പൊയിൽ സ്വദേശിയുടേതാണ് തോക്ക്. ഉടനെ ഇവരെ പിടികൂടുമെന്ന് വനംവകുപ്പ് പറഞ്ഞു.
ഡെപ്യൂട്ടി റെയ്ഞ്ചർ പി.എഫ്. ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടി.എൻ.ശ്രീജൻ, ഫോറസ്റ്റ് ഓഫീസർ എം.വത്സൻ, സി.പി.ഒ പ്രദീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.