ഓട്ടോമാറ്റിക് സാനിറ്റൈസർ സ്‌പ്രേയറുമായി എൻജിനീയറിംഗ് വിദ്യാർത്ഥി
മലപ്പുറം: ബോട്ടിലിൽ സ്പർശിക്കാതെ തന്നെ സാനിറ്റൈസർ കൈകളിലേക്ക് പകരാൻ കഴിയുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ സ്‌പ്രേയർ സംവിധാനമൊരുക്കി എൻജിനീയറിംഗ് വിദ്യാർത്ഥി. സാനിറ്റൈസർ ബോട്ടിലിന് നേരെ കൈനീട്ടുമ്പോൾ ഓട്ടോമാറ്റിക്കായി സാനിറ്റൈസർ കൈകളിലേക്ക് വീഴുന്ന സംവിധാനമാണ് വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് റസീം ഒരുക്കിയിട്ടുള്ളത് . ഏതു ബോട്ടിലിലും ഘടിപ്പിക്കാവുന്ന സംവിധാനമാണിത്
ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പലയിടത്തും സാനിറ്റൈസർ ബോട്ടിലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരും ബോട്ടിലുകൾ കൈകളിലെടുത്ത് ഉപയോഗിക്കുന്നതാണ് നിലവിലെ സാഹചര്യം. ഇതിന് ബദലായാണ് ഓട്ടോമാറ്റിക് സംവിധാനമുള്ള ബോട്ടിൽ സംവിധാനം റസീം ഒരുക്കിയിട്ടുള്ളത്.
ചില്ലറ സാധനങ്ങൾ ഉപയോഗിച്ചാണ് ഓട്ടോമാറ്റിക് സാനിറ്റൈസർ സ്‌പ്രേയർ ഒരുക്കിയിട്ടുള്ളത്.
കാസർകോട് എൽ.ബി.എസ് എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ റസീം എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയത്. അദ്ധ്യാപകനായ അനീസ്, എൻ.എസ്.എസ് കോർഡിനേറ്റർ വി. മഞ്ജു എന്നിവർ റസീമിന് പൂർണ്ണപിന്തുണ നൽകി. കൂരിയാട് പരേതനായ ഉള്ളാടൻ സെയ്തലവിയുടെയും ഖമർബാനുവിന്റെയും നാലുമക്കളിൽ മൂന്നാമനാണ് മുഹമ്മദ് റസീം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ തുറക്കുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ ഇത്തരം ഓട്ടോമാറ്റിക് സാനിറ്റൈസർ സംവിധാനം ഒരുക്കുന്നത് വഴി കൂടുതൽ സുരക്ഷിത്വം ഉറപ്പാക്കാൻ കഴിയും
മുഹമ്മദ് റസീം
200 രൂപയാണ് റസീം ഒരുക്കിയ സംവിധാനത്തിന്റെ ചെലവ്.