മലപ്പുറം: ജില്ലയിൽ നാലുപേർക്ക് കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ നന്നമ്പ്ര തെയ്യാലിങ്ങൽ വെള്ളിയമ്പ്രം സ്വദേശിയായ 45കാരൻ, മുന്നിയൂർ പാറേക്കാവ് വാരിയൻ പറമ്പ് സ്വദേശിയായ 40കാരൻ എന്നിവർക്കും മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്നെത്തിയ ആതവനാട് കരിപ്പോൾ സ്വദേശിയായ 23 കാരൻ, ആന്ധ്രപ്രദേശിലെ കർണ്ണൂളിൽ നിന്നെത്തിയ വള്ളിക്കുന്ന് ആലിൻചുവട് കൊടക്കാട് സ്വദേശിയായ 35കാരൻ എന്നിവർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവർ നാലുപേരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
നന്നമ്പ്ര തെയ്യാലിങ്ങൽ വെള്ളിയമ്പലം സ്വദേശിയും മുന്നിയൂർ പാറേക്കാവ് വാരിയൻപറമ്പ് സ്വദേശിയും മുംബൈയിൽ നിന്ന് സർക്കാർ അനുമതിയോടെ രണ്ട് സ്വകാര്യബസുകളിലായി യാത്ര തിരിച്ച് മേയ് 14ന് സ്വന്തം വീടുകളിലെത്തിയവരാണ്. രോഗലക്ഷണങ്ങളെ തുടർന്ന് മേയ് 19ന് ഇരുവരെയും 1മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ റായ്ഗഡിൽ ജോലി ചെയ്യുന്ന ആതവനാട് കരിപ്പോൾ സ്വദേശി സർക്കാർ അനുമതിയോടെ ടാക്സി കാറിൽ മേയ് 15ന് നാട്ടിലേക്ക് പുറപ്പെട്ട് മേയ് 17 മുതൽ വെട്ടിച്ചിറയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ മേയ് 21ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ആന്ധ്രപ്രദേശിലെ കർണ്ണൂലിൽ നിന്ന് സർക്കാർ അനുമതിയോടെയാണ് മേയ് 11നാണ് വള്ളിക്കുന്ന് ആലിൻചുവട് കൊടക്കാട് സ്വദേശി വീട്ടിലെത്തിയത്. പ്രത്യേക നീക്ഷണത്തിൽ തുടരുന്നതിനിടെ മേയ് 19 ന് തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തിച്ച് സാമ്പിൾ പരിശോധനക്കയച്ചു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ മേയ് 21 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 61 ആയി. 38 പേർ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതുസമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
മാസ്കില്ല: 182 പേർക്കെതിരെ
കേസ്
മലപ്പുറം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 182 പേർക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് മേധാവിയു. അബ്ദുൾ കരീം അറിയിച്ചു.
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 18 കേസുകൾ കൂടി ഇന്നലെരജിസ്റ്റർ ചെയ്തു.
വിവിധ സ്റ്റേഷനുകളിലായി 18 പേരെ ഇന്നലെ അറസ്റ്റു ചെയ്തു.
നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കൊവിഡ് 19 സ്ഥിരീകരിച്ച് 39 പേരാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. നിലവിൽ രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണ്
ഡോ. കെ. സക്കീന , ജില്ലാ മെഡിക്കൽ ഓഫീസർ
641 പേരെ കൂടിഇന്നലെ ജില്ലയിൽ പ്രത്യേക കൊവിഡ് നിരീക്ഷണത്തിലാക്കി
8,828 പേരാണ് ജില്ലയിൽ ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലുള്ളത്