പൊന്നാനി: വിശ്വാസികളുടെ ജീവിതത്തിൽ വേറിട്ട അനുഭവം സമ്മാനിച്ചും പതിവുകളെ മാറ്റിപ്പണിതുമാണ് ഇത്തവണ വിശുദ്ധ റംസാൻ പടിയിറങ്ങുന്നത്. ആരാധനകൾ കൊണ്ട് മനസും ശരീരവും നിറയ്ക്കുന്ന റംസാൻ പള്ളികളുടെ സാന്നിദ്ധ്യമില്ലാതെയാണ് കടന്നുപോയത്. ആരാധനകളൊക്കെയും വീടുകളിലേക്ക് മാറ്റപ്പെടുന്ന അപൂർവ്വതയ്ക്കാണ് ഇത്തവണത്തെ റംസാൻ സാക്ഷിയായത്. സംഘമായുള്ള നമസ്ക്കാരത്തിന് എഴുപതിരട്ടി പുണ്യമാണ് കൽപ്പിക്കപ്പെടുന്നത്. ലോക്ക് ഡൗണിൽ പള്ളികൾ പൂട്ടിയപ്പോൾ വീടുകളിൽ കുടുംബമായി നമസ്ക്കരിക്കാനാണ് എല്ലാവരും ശ്രമിച്ചത്.
സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും നന്മകൾ സൃഷ്ടിച്ച ഇഫ്താർ സംഗമങ്ങൾ ഇല്ലാതെയാണ് റംസാൻ പടിയിറങ്ങുന്നത്. റംസാനിലെ മുഴുവൻ ദിവസങ്ങളും വ്യത്യസ്ത കൂട്ടായ്മകളുടെ ഇഫ്താർ സംഗമങ്ങൾ കൊണ്ട് സമ്പന്നമാകാറാണ് പതിവ്. പള്ളി വരാന്തകളും സമൂഹ നോമ്പുതുറ കൊണ്ട് നിറഞ്ഞിരുന്നു. ഇത്തവണത്തെ മുഴുവൻ നോമ്പുതുറയും വീട്ടിലെ തീൻമേശയിലേക്കൊതുങ്ങി.
റംസാന്റെ രാവുകൾ പകലായി മാറുന്ന പതിവായിരുന്നു പല നാടുകൾക്കുമുണ്ടായിരുന്നത്. തറാവീഹ് നമസ്ക്കാര ശേഷം അങ്ങാടികളിലേക്കിറങ്ങുന്ന രീതി ഇത്തവണ അന്യം നിന്നു. ദീർഘനേരത്തെ രാത്രി നമസ്ക്കാര ശേഷം സാധനങ്ങൾ വാങ്ങിക്കാനും സൗഹൃദങ്ങൾ പങ്കിടാനുമായി അങ്ങാടികളിലേക്കിറങ്ങുന്ന രീതിയാണ് പൊന്നാനിയുടെ നഗരവീഥികളിൽ കണ്ടിരുന്നത്. അർദ്ധരാത്രി രണ്ടു വരെയൊക്കെ അങ്ങാടികൾ സജീവമായിരിക്കും. ചങ്ങാതിക്കൂട്ടങ്ങൾ ഒത്തുചേർന്ന് മുട്ടപ്പത്തിരിയും ഇറച്ചിക്കറിയും കഴിക്കാനെത്തുന്ന ചായക്കടകൾ പുലർച്ചെ വരെ പ്രവർത്തിക്കുന്നവയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാലം പൊന്നാനിയുടെ തെരുവുകളെ വൈകിട്ട് ആറോടെ വിജനമാക്കി.
റംസാൻ പ്രഭാഷണങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന പള്ളികളും തെരുവുകളും ഇത്തവണ നിശബ്ദമായിരുന്നു. പകരം മൊബൈൽ സ്ക്രീനുകൾ പ്രഭാഷണങ്ങൾ കൊണ്ട് നിറഞ്ഞു. ഉദ്ബോധനങ്ങളുടെ ഓൺലൈൻ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നതായിരുന്നു ഈ റംസാൻ കാലം. ആയിരങ്ങൾ പങ്കെടുത്ത ഖുർആൻ മത്സര പരീക്ഷകൾക്ക് മൊബൈൽ സ്ക്രീൻ സാക്ഷിയായി. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനും ഫീസും സർട്ടിഫിക്കറ്റുമെല്ലാം ഓൺലൈനായിരുന്നു. വെള്ളിയാഴ്ച്ച ജുമുഅ നമസ്ക്കാരത്തിനു മുമ്പുള്ള ഉദ്ബോധനവും ഓൺലൈനായി സംഘടിപ്പിച്ചു.
പെരുന്നാൾ രാവിന്റെ സന്തോഷം ഇത്തവണ വീടുകൾക്കകത്ത് ചുരുക്കേണ്ടി വരും. പെരുന്നാൾ മാസപ്പിറവി കണ്ടാൽ അങ്ങാടികളിലേക്ക് കുട്ടികളെയും കൊണ്ടിറങ്ങുന്ന രീതി പൊന്നാനിക്കാർക്ക് പതിവാണ്. ജെ എം റോഡിലെത്തിയുള്ള പെരുന്നാൾ രാവ് പെരുന്നാളുപോലെ ആനന്ദകരമാണ്. സൂചി കുത്താനിടമില്ലാത്ത വിധം ആളുകളെക്കൊണ്ട് നിറയുന്ന ജെ എം റോഡ് ഈ പെരുന്നാൾ രാവിൽ വിജനമാകും.
ഇഅത്തിക്കാഫുമുണ്ടായില്ല
പള്ളികളിൽ ഇഅത്തിക്കാഫ് (ഭജനമിരിക്കൽ) ഇല്ലാത്ത റംസാനാണ് കടന്നു പോകുന്നത്.
അവസാന പത്തിലാണ് വിശ്വാസികൾ പള്ളികളിൽ ഭജനമിരിക്കുക.
ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിന്റെ (നിർണ്ണയത്തിന്റെ രാത്രി) പുണ്യം തേടിയാണ് വിശ്വാസികൾ പള്ളികളിൽ ഭജനമിരിക്കുന്നത്.
അർദ്ധരാത്രിയിലെ ദീർഘനേര നമസ്ക്കാരവും (ഖിയാമുല്ലൈൽ) ഈ ദിവസങ്ങളിൽ പതിവാണ്. ഖിയാമുല്ലൈൽ വിശ്വാസികൾ വീട്ടിൽ വച്ചു നിർവ്വഹിച്ചു. പള്ളികളിലെ ഇഅത്തിക്കാഫ് വിശ്വാസികൾക്ക് ഈ വർഷം നഷ്ടമായി.