നിലമ്പൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ ബാർബർഷോപ്പുകളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ പകർച്ചവ്യാധികൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അണുനശീകരണത്തിന് വേണ്ട സാനിറ്റൈസർ ഇല്ലാത്ത സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുടിവെട്ടുന്ന അവസരത്തിൽ ഉപയോഗിക്കേണ്ട തുണികൾ ഉപഭോക്താക്കൾ കൊണ്ടുവരണമെന്ന് കർശന നിർദ്ദേശം നൽകി. ഉപയോഗിക്കുന്ന കത്തി, കത്രിക, ചീർപ്പ് തുടങ്ങിയ എല്ലാ ഉപകരണങ്ങളും പൂർണ്ണമായും ബ്ലീച്ചിംഗ് സൊല്യൂഷനിൽ മിനിമം 20 മിനിറ്റ് അണുനശീകരണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. എ.സി ഒരു കാരണാവശാലും പ്രവർത്തിപ്പിക്കരുതെന്ന് നിർദ്ദേശം നൽകി. ജീവനക്കാർ കൈയുറ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് മമ്പാട് ഹെൽത്ത് ഇൻസ്പെക്ടർ ഗണേശൻ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു