പരപ്പനങ്ങാടി: വെള്ളപ്പൊക്കം ഒഴിവാക്കാൻ കടലുണ്ടിപ്പുഴയിൽ പാലത്തിങ്ങലിൽനിർമ്മിച്ച പാലത്തിങ്ങൽ ന്യൂകട്ടിലെ മണൽമാലിന്യം നീക്കാത്തതു പ്രദേശത്തു വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ രണ്ടു പ്രളയത്തിലുമായി അടിഞ്ഞു കൂടിയ മണൽമാലിന്യം നീക്കാൻ ഫെബ്രുവരി രണ്ടിന് നടപടിയായെങ്കിലും നീക്കിയ മണൽ എടുക്കുന്നതിനു പൊതുലേലം വച്ചത് മേയ് 25 നാണ് . മഴക്കാലമെത്താറായി നിൽക്കേ എങ്ങനെ നടപടിക്രമങ്ങൾക്ക് ശേഷം മണൽ മാലിന്യം ഒഴിവാക്കാനാകുമെന്നാണ് പരിസര വാസികളായ നാട്ടുകാരുടെ ആശങ്ക . ഈ പ്രാവശ്യവും വെള്ളക്കെട്ട് പ്രശ്നമുണ്ടാക്കുമോ എന്ന് ആശങ്ക നാട്ടുകാർക്കുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇങ്ങിനെയൊരു സാഹചര്യം ഉണ്ടാക്കാൻ കാരണമെന്നു പരിസര വാസികളും ദുരന്ത നിവാരണ സമിതി പ്രവർത്തകരുമായ സി.ടി അബ്ദുൾ നാസർ , കെ. അബ്ദുൾ ഹസീസ് ,സി അബ്ദുറഹിമാൻ, ആസിഫ് പാട്ടശേരി .സി കോയ എന്നിവർ പറഞ്ഞു .
ടെൻഡർ നടപടികൾ പൂർത്തിയായാൽ തന്നെ ഒരു കിലോമീറ്ററിലധികം വരുന്ന കീരനല്ലൂർ ന്യൂകട്ടിലെയും ചീർപ്പിങ്ങലിലെയും മണലും കല്ലും അടങ്ങുന്ന മാലിന്യം നീക്കാനാവുമോയെന്ന സംശയം നാട്ടുകാർക്കുണ്ട്.
തിരൂരങ്ങാടി, നന്നമ്പ്ര ,കൊടിഞ്ഞി ഭാഗങ്ങളിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിന് പരിഹാരമെന്നോണമാണ് അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായിരിക്കെ കടലുണ്ടിപ്പുഴയും പുരപ്പുഴയും യോജിപ്പിച്ച് ന്യൂകട്ട് നിർമ്മാണത്തിന് തുടക്കമിട്ടത്
പ്രവൃത്തി പൂർത്തികരിക്കാനിരിക്കെ 1999ലുണ്ടായ വെള്ളപ്പൊക്കത്തിൽ ന്യൂകട്ടിന്റെ വടക്കുഭാഗത്ത് കടലുണ്ടിപ്പുഴ മുറിഞ്ഞ് ഗതി മാറിയൊഴുകിയിരുന്നു.
കഴിഞ്ഞ രണ്ട് പ്രളയങ്ങളിലുമുണ്ടായ മണൽനിക്ഷേപം കടലുണ്ടിപ്പുഴയോരത്ത് കുന്നുകൂടിയതിനാൽ പുഴയിലെ വെള്ളമുയർന്ന് പരിസരപ്രദേശം വെള്ളത്തിനടിയിലായി.
ൈൈകൊറോണ പശ്ചാത്തലത്തിലാണ് നടപടി വൈകിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.