പാലക്കാട്: കൊവിഡ് നിരീക്ഷണത്തിലുള്ള വ്യക്തിയെയും കുടുംബത്തെയും സാമൂഹ്യമായി ഒറ്റപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണമെന്നും നിരീക്ഷണത്തിൽ വെയ്ക്കുന്നത് മുൻകരുതലിന്റെ ഭാഗമായാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ രോഗലക്ഷണമില്ലെങ്കിൽ പോലും ഏതെങ്കിലും കാരണവശാൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ സമ്പർക്ക പട്ടികയും യാത്രയും രോഗവ്യാപനവും ചുരുക്കുന്നതിനാണ് ക്വാറന്റൈൻ.നിരീക്ഷണത്തിൽ ഉള്ള വ്യക്തിയോടോ കുടുംബത്തോടോ വിവേചനപൂർവം പെരുമാറരുത്. വ്യക്തികളുടെ അന്തസും മാന്യതയും മൗലിക അവകാശങ്ങളും ഹനിക്കുന്ന ഒരു പ്രവർത്തനവും പ്രതിഷേധവും അഭിലഷണീയമല്ല. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് പൊതുനന്മയ്ക്ക് വേണ്ടി ഒരാൾ സ്വയം സ്വീകരിക്കുന്ന മാറിനിൽക്കലാണ് ക്വാറന്റൈൻ.
ഓർക്കുക
ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വീടുകളിൽ നിരീക്ഷണത്തിലിരിക്കുകയെന്നത് ക്വാറന്റൈനിന് നിർദേശിക്കപ്പെടുന്ന വ്യക്തിയുടെ കടമയോടൊപ്പം തന്നെ സമൂഹത്തിന്റെ ആവശ്യവുമാണ്.
നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അത് അറിയിക്കാനുള്ള അവകാശം പൊതുജനങ്ങൾക്കുമുണ്ടെങ്കിലും വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർക്കെതിരേ പ്രതിഷേധങ്ങളോ അപസ്വരങ്ങളോ ഉയർത്തരുത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് കൗൺസലിംഗ് നടന്നുവരുന്നുണ്ട്.
വിവേചനം ഉണ്ടാകുന്ന അവസരങ്ങളിൽ അതത് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ സമീപ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നൽകും.