മഞ്ചേരി: ലോക്ക് ഡൗണിൽ 3,500 രൂപയ്ക്ക് സ്വന്തമായി കാർ നിർമ്മിച്ച പത്താം ക്ലാസ് വിദ്യാർത്ഥി പുല്ലൂരിലെ ജിജിന്റെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഖത്തറിലെ പ്രമുഖ വ്യവസായിയും ഇ.എൻ.ടി വിദഗ്ദ്ധനും കൊച്ചി കടവന്ത്രയിലെ സെർവ് പീപ്പിൾ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ.മോഹൻ തോമസ് രംഗത്തെത്തി. ജിജിനെക്കുറിച്ച് മേയ് 23ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഇടപെടൽ. ഡോ.മോഹൻദാസിന്റെ നിർദ്ദേശപ്രകാരം ബന്ധു അജിത് മാത്യുവാണ് ജിജിന്റെ അച്ഛൻ സുനിൽകുമാറിനെ ഫോണിൽ വിളിച്ച് എൻജിനിയറിംഗ് പഠനത്തിനുള്ള ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിച്ചത്. പഠനച്ചെലവ് കൂടാതെ നിർമ്മാണത്തിന് ചെലവായ തുകയും ബോഡി ഉൾപ്പെടെ കാറിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ സഹായവും ഡോ.മോഹൻ തോമസ് അറിയിച്ചു. കൂടാതെ അദ്ദേഹം ജിജിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
മഞ്ചേരി ഗവ. ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ജിജിൻ ബാക്കിയുള്ള പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. നിർമ്മാണ തൊഴിലാളിയായ അച്ഛൻ സുനിൽകുമാർ നൽകിയ രൂപയിലാണ് കാർ നിർമ്മിച്ചത്.
പഠന ചെലവുകൾ വഹിക്കാമെന്ന് അറിയിച്ചതിൽ വളരെ സന്തോഷമുണ്ട്. പ്ലസ്ടുവിന് ശേഷം തുടർപഠനത്തെക്കുറിച്ച് ഫൗണ്ടേഷനെ അറിയിക്കും.
സുനിൽകുമാർ