kakkad
കക്കാട് - തിരൂരങ്ങാടി റോ‌ഡ്

തിരൂരങ്ങാടി: റോഡിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചശേഷം നവീകരണ പ്രവൃത്തികൾ തുടർന്നാൽ മതിയെന്ന നാട്ടുകാരുടെ നിലപാടിനെ തുടർന്ന് മൂന്ന് മാസമായി നിർത്തിവച്ച കക്കാട് - തിരൂരങ്ങാടി റോഡിന്റെ ടാറിഗ് പ്രവൃത്തികൾ ഇന്നലെ മുതൽ വീണ്ടും തുടങ്ങി. നാടുകാണി - പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായാണ് ഇവിടെ റോഡ് നവീകരണം നടക്കുന്നത്. റോ‌ഡോരങ്ങളിലെ സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റം ഒഴിപ്പിക്കാതെയും ഡ്രെയിനേജ് നിർമ്മിക്കാതെയുമുള്ള നിർമ്മാണം നിറുത്തിവെക്കണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരുന്നില്ല. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തി തടയുകയായിരുന്നു. നാളിത്രയായിട്ടും കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനോ ഡ്രെയിനേജ് നിർമ്മിക്കാനോ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചിട്ടില്ല. റോഡിന്റെ ഒരുഭാഗം മാത്രം ടാറിംഗ് നടത്തുകയും മറുഭാഗം പഴയ പടി നിലനിർത്തുകയും ചെയ്തതിനാൽ ഈ ഭാഗങ്ങളിൽ അപകടങ്ങൾ പതിവായിരുന്നു. തുടർന്ന് ഇന്നലെ തിരൂരങ്ങാടി എസ്.എച്ച്.ഒ റോയിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ സി മുഹമ്മദ് ശാഫി, എ.ഇ സിദ്ധീഖ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സമരനേതാക്കളായ എം.പി സ്വാലിഹ് തങ്ങൾ,​ യാസിൻ തിരൂരങ്ങാടി,​ ശംസുദ്ധീൻ തോട്ടത്തിൽ,​ നജീബ് പാറപ്പുറം,​ ടി.റഹീം എന്നിവരുമായി ചർച്ച നടത്തി. റോഡിലെ കുഴികൾ അടക്കാമെന്നും കൈയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കാമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉറപ്പേകി.