മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തനായി. മെയ് 15ന് രോഗബാധ സ്ഥിരീകരിച്ച പുലാമന്തോൾ കുരുവമ്പലം സ്വദേശി 42കാരനാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. മെയ് ഏഴിന് ദുബായിൽ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് ഇയാൾ തിരിച്ചെത്തിയിരുന്നത്. രോഗലക്ഷണങ്ങളെ തുടർന്ന് മെയ് 12ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. തുടർനിരീക്ഷണങ്ങൾക്കായി ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റപ് ഡൗൺ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാൾക്ക് പുറമെ രോഗമുക്തി നേടിയ തിരൂർ ബി.പി അങ്ങാടി സ്വദേശിനിയായ ഗർഭിണിയും മാറഞ്ചേരി പുറങ്ങ് സ്വദേശിയും സ്റ്റപ് ഡൗൺ ഐ.സിയുവിൽ തുടരുന്നുണ്ട്.
രോഗം ഭേദമായ രണ്ട് പേർ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നലെ രോഗവിമുക്തനായ പുലാമന്തോൾ കുരുവമ്പലം സ്വദേശി 42കാരൻ, മെയ് 24ന് രോഗം ഭേദമായ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരൻ എന്നിവരാണ് ആശുപത്രി വിടുക. ഇവരെ 108 ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. ഇരുവരും സ്റ്റപ് ഡൗൺ ഐ.സിയുവിൽ തുടർനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തിരൂർ ബി.പി അങ്ങാടി സ്വദേശിനിയായ യുവതി മാത്രമാകും ഇനി സ്റ്റപ് ഡൗൺ ഐ.സിയുവിൽ തുടരുക. ഇവരുടെ മൂന്ന് വയസുള്ള മകൻ കൊവിഡ് ബാധിതനായി ഐസൊലേഷനിലാണ്.