chaliyar
ചാലിയാർ

നിലമ്പൂർ: മൺസൂൺ തൊട്ടടുത്തെത്തിയിട്ടും കഴിഞ്ഞ പ്രളയകാലത്ത് ചാലിയാറിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല. മണ്ണും ചളിയും അധികമായി അടിഞ്ഞു കൂടിയ മണലും അടിയന്തിരമായി നീക്കം ചെയ്തിട്ടില്ലെങ്കിൽ മഴയ്ക്ക് പിന്നാലെ പെട്ടെന്ന് തന്നെ വള്ളം കയറാൻ സാദ്ധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളെ തുടർന്ന് നിലമ്പൂർ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന്റെ നേതൃത്വത്തിൽ ഇന്നലെ അടിയന്തിര യോഗം ചേർന്നു. മാലിന്യ നീക്കത്തിനായുള്ള പ്രവർത്തികൾ ചെയ്യാൻ അനുമതിയുള്ളത് ഗ്രാമപഞ്ചായത്തുകൾക്കാണെന്നും ബ്ലോക്ക് പഞ്ചായത്ത് ഡി.പി.ആർ പ്രകാരമുള്ള തുക അതാത് പഞ്ചായത്തുകൾക്ക് നൽകുന്നതിന് ജില്ലാ കളക്ടറോട് അപേക്ഷിക്കാനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകൾ പ്രവർത്തികൾ ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ ഇതു ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കാമെന്ന് കളക്ടറെ അറിയിക്കാനും യോഗത്തിൽ തീരുമാനമായി.