elephant
കാട്ടാന

നിലമ്പൂർ: സോളാർ വേലി തകർത്ത് കൃഷിയിടത്തിലേക്കിറങ്ങിയ കാട്ടാനകൂട്ടം റബർ മരങ്ങളുടെ തൊലിയുരിഞ്ഞ് വ്യാപക നാശം വിതച്ചു. വഴിക്കടവ് പൂവ്വത്തിപൊയിൽ പുലിയോടൻ ജാഫറിന്റെ കൃഷിയിടത്തിലെ നൂറിലധികം റബർ മരങ്ങളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. എട്ട് വർഷത്തോളം പ്രായമായ മരങ്ങളാണിവ. മരത്തിൽ കൊമ്പ് കൊണ്ട് കുത്തി തൊലി വട്ടത്തിൽ ഉരിഞ്ഞ് തിന്ന നിലയിലാണ്. തൊലി മുഴുവനായും ഉരിഞ്ഞതിനാൽ മരം ഉണങ്ങി നശിക്കാനാണ് സാദ്ധ്യതയെന്ന് കൃഷി വിദഗ്ധർ പറയുന്നു.
ചുറ്റുമുള്ള സോളാർ വേലി തകർത്താണ് ആനകൂട്ടം കൃഷിയിടത്തിലെത്തിയത്. നെല്ലിക്കുത്ത് വനാതിർത്തിയിൽ ട്രെഞ്ച് നിർമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ ശക്തമായ മഴയിൽ അരിക് ഇടിഞ്ഞ് കിടക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനകൂട്ടം വ്യാപകമായി വാഴ കൃഷിയും നശിപ്പിച്ചിരുന്നു. അടുത്തിടെയാണ് നിലമ്പൂർ മേഖലയിൽ ആനകൂട്ടം റബറിന്റെ തൊലി ഉരിഞ്ഞ് തിന്നാൻ തുടങ്ങിയത്. തൊലിക്ക് ചെറിയ മധുരമുള്ളതിനാൽ ഇനിയും ഇത് ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന് പറയുന്നു. കാട്ടാനശല്യം കാരണം വാഴ, തെങ്ങ്, കമുങ്ങ്, നെല്ല് തുടങ്ങിയ കൃഷികൾ അസാദ്ധ്യമാതോടെയാണ് വനാതിർത്തിയിലെ കർഷകർ റബർ കൃഷിയിലേക്ക് തിരിഞ്ഞത്. ഇനി റബർകൃഷിയും സാദ്ധ്യമല്ലാത്ത സ്ഥിതിയായി.