മലപ്പുറം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തിവച്ച എസ്.എസ്.എൽ.സി പ്ലസ് വൺ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കാനിരിക്കെ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ. ജില്ലയിലെ 295 ഹൈസ്‌കൂൾ പരീക്ഷ കേന്ദ്രങ്ങളിലും 230 ലധികം ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങളിലുമായി കൊവിഡ് 19 പ്രതിരോധ മുന്നൊരുക്കങ്ങളായി. പരീക്ഷ കേന്ദ്രങ്ങളായ സ്‌കൂളുകളിൽ അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് സജ്ജീകരണങ്ങൾ വിലയിരുത്തുകയും പരീക്ഷ ദിവസങ്ങളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് അന്തിമരൂപമുണ്ടാക്കുകയും ചെയ്തു.
ജില്ലയിൽ 78,094 വിദ്യാർഥികളാണ് എസ്.എസ് എൽ.സി പരീക്ഷ എഴുതുന്നത്. രണ്ടേകാൽ ലക്ഷം പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളുമുണ്ട്. 7,500 വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും പരീക്ഷ എഴുതും. ജില്ലയിലെ വിദ്യാർത്ഥികളിൽ ചിലർ സ്വദേശമായ ലക്ഷദ്വീപിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും പരീക്ഷ എഴുതും.
പ്ലസ്ടു പരീക്ഷകൾ നാളെ തുടങ്ങും. എസ്.എസ്.എൽ.സി പ്ലസ് വൺ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും പ്ലസ് ടു പരീക്ഷ രാവിലെയുമാണ് നടക്കുക. ഓരോ പരീക്ഷ ഹാളിലും സാമൂഹിക അകലം പാലിച്ച് 20 വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തും. വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കാൻ അതത് സ്‌കൂളുകളിലെ ബസുകൾ ഉപയോഗിക്കും. ആവശ്യമെങ്കിൽ സമീപത്തെ പ്രൈമറി വിദ്യാലയങ്ങളിലെ ബസുകളും ഉപയോഗപ്പെടുത്തും. അത്യാവശ്യ ഘട്ടത്തിൽ ബസുകൾ വാടകയ്‌ക്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്. ഓരോ പരീക്ഷ കേന്ദ്രത്തിലും വിദ്യാർഥികൾക്കും അദ്ധ്യാപകർക്കുമായി പ്രത്യേക പ്രവേശന കവാടം നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ ബോധവത്ക്കരണ ബോർഡുകളും പരീക്ഷ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു.
പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ചുപോകുന്നതിനും നിബന്ധനകളുണ്ട്. സാനിറ്റൈസർ, മാസ്‌ക്ക്, ഗ്ലൗസ് എന്നിവയെല്ലാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നൽകും. പരീക്ഷാഹാളിലേക്ക് പ്രവേശിക്കും മുമ്പ് എല്ലാവരെയും തെർമ്മൽ സ്‌കാനിംഗിന് വിധേയരാക്കും. 300 കുട്ടികൾക്ക് ഒരുതെർമ്മൽ സ്‌കാനർ എന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവയെല്ലാം പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചതായും സജ്ജീകരണങ്ങളെല്ലാം പൂർത്തിയായതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ് കുസുമം പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഭയവും ആശങ്കയുമില്ലാതെ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വ്യക്തമാക്കി.
ചുമതലയിലുള്ള അദ്ധ്യാപകരെല്ലാം പരീക്ഷ കേന്ദ്രങ്ങളിലെത്തണമെന്നാണ് നിർദേശം. പരീക്ഷക്കായി എത്തുന്ന വിദ്യാർഥികൾ അനുമതി ലഭിച്ചാൽ അവരവരുടെ സ്ഥാനങ്ങളിൽ മാത്രം ഇരിക്കണമെന്നും സഹപാഠികളുമായി ഇടപഴകാൻ പാടില്ലെന്നും ഇക്കാര്യങ്ങളിൽ അദ്ധ്യാപകർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. പരീക്ഷ ചുമതലയിലുള്ള അദ്ധ്യാപകർക്ക് ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ഓൺലൈനായി സുരക്ഷ ബോധവൽക്കരണ ക്ലാസ് നൽകി. പരീക്ഷ ഹാളുകൾ, ടോയ്ലറ്റുകൾ, കിണറുകൾ എന്നിവിടങ്ങളെല്ലാം ഫയർഫോഴ്സ് അണുവിമുക്തമാക്കിയിട്ടുണ്ട്. പനി ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ ഉത്തരക്കടലാസുകൾ പ്രത്യേക പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കാനാണ് തീരുമാനം.