jengar
ജങ്കാർ

പൊന്നാനി: പരീക്ഷകൾ തുടങ്ങുന്ന പശ്ചാത്തലത്തിൽ പൊന്നാനി അഴിമുഖം പടിഞ്ഞാറേക്കര ജങ്കാർ സർവ്വീസ് ഇന്ന് മുതൽ ആരംഭിക്കും. നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ലോക് ഡൗൺ ഇളവുകൾ മുൻനിർത്തി ജങ്കാർ പുനരാരംഭിക്കാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ജങ്കാർ സർവീസ് നഗരസഭ നിർത്തിവെച്ചിരുന്നു. പൂർണ്ണമായും അണുനശീകരണം നടത്തിയതിന് ശേഷമാണ് ജങ്കാർ പുനരാരംഭിക്കുന്നത്. ഒരുസമയം അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു. സാമൂഹിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ഇതര സംസ്ഥാന വാഹനങ്ങൾക്കും ട്രക്കുകൾക്കും യാത്രാനുമതി ഉണ്ടാവില്ല. പൊന്നാനി നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജങ്കാർ സർവീസ് പൊന്നാനി പുറത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മികവുറ്റതും ചിലവ് കുറഞ്ഞതുമായ ജലഗതാഗത മാർഗ്ഗമാണ്. പ്രത്യേക പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഒരുമാസത്തേക്ക് യാത്രാ നിരക്കിൽ 33 ശതമാനം വർദ്ധനവുണ്ടാകും. വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഇളവ് തുടരും. പ്രത്യേക യോഗത്തിൽ നഗരസഭാ സെക്രട്ടറി ആർ പ്രദീപ്കുമാർ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പറമ്പിൽ അഷ്രഫ്, കൊച്ചിൻ ജങ്കാർ സർവ്വീസസ് പ്രതിനിധികൾ പങ്കെടുത്തു.