മലപ്പുറം: സൗദി അറേബ്യയിലെ ജിദ്ദയിൽ കൊവിഡ് ബാധിച്ച് മൂന്ന് മലപ്പുറം സ്വദേശികളടക്കം നാലുപേർ മരിച്ചു. കോട്ടയ്ക്കൽ ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശി ഇല്യാസ്(49), രാമപുരം ബ്ലോക്ക് പടിയിലെ സലാം (58), മുതുവല്ലൂർ പാറക്കുളം പാലശേരി ഉമ്മർകുട്ടി (53) എന്നിവരാണ് മരിച്ച മലപ്പുറം സ്വദേശികൾ. ഇവർക്ക് പുറമെ കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീനും (42) മരിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇല്യാസ് തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സലാം രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു, വർഷങ്ങളായി ജിദ്ദയിൽ അക്കൗണ്ടന്റ് സൂപ്പർവൈസറാണ്. പുഴക്കാട്ടിരി പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി.പ്രസിഡന്റുമായിരുന്നു.
ഉമ്മർകുട്ടി കൊവിഡ് ബാധിച്ച് മൂന്ന് ആഴ്ചയായി ചികിത്സയിലായിരുന്നു. ജിദ്ദയിൽ ഇലക്ട്രോണിക്സ് ടെക്നീഷ്യനായിരുന്നു. സഹോദരനും കപ്പൽ ജീവനക്കാരനുമായ ലുബൈബ് ലോക്‌ഡൗണിൽ ബ്രിട്ടണിൽ കുടുങ്ങിക്കിടക്കുകയാണ്. അമേരിക്കൻ കമ്പനിയായ അപ്പോളോയുടെ കപ്പലാണ് ബ്രിട്ടൺ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.