മലപ്പുറം: കൂകി ഉയരുന്ന കോഴിവില കുറയാൻ ഇനിയും രണ്ടാഴ്ച്ച പിടിക്കും. തമിഴ്നാട്ടിൽ നിന്ന് കോഴികൾ വലിയ തോതിൽ എത്തുമ്പോഴേ വില കുറയൂ എന്ന് കച്ചവടക്കാർ പറയുന്നു. റംസാൻ, പെരുന്നാൾ സീസൺ അവസാനിച്ചതും ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനം വർദ്ധിപ്പിച്ചതും വിലക്കുറവിന് കാരണമാവും. ഇന്നലെയും ഒരു കിലോ ഇറച്ചിയ്ക്ക് 220 മുതൽ 240 രൂപ വരെ ഈടാക്കിയിട്ടുണ്ട്. പെരുന്നാളിന് കോഴിവില കിലോയ്ക്ക് 260 രൂപ വരെ ഈടാക്കിയ സ്ഥലങ്ങളുണ്ട്. ജീവനോടെ കോഴിക്ക് പരമാവധി 150 രൂപയും ഇറച്ചിക്ക് 230 രൂപയും മാത്രമേ ഈടാക്കാവു എന്ന് ജില്ലയിലെ മാംസവ്യാപാരികളുമായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം. മെഹറലി ചർച്ച നടത്തി തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും ഇതു പാലിക്കാൻ പല കച്ചവടക്കാരും തയ്യാറായിട്ടില്ല. ബീഫ്, മത്സ്യ വില കുത്തനെ കൂടിയതും ക്ഷാമവും കോഴിവില വർദ്ധനവിന് ആക്കം കൂട്ടി. എല്ലില്ലാത്ത ബീഫെന്ന പേരിൽ കിലോയ്ക്ക് 330 രൂപ വരെ ഈടാക്കുന്നുണ്ട്. ബീഫിന് പരമാവധി 280 രൂപയാണ് ജില്ലാ ഭരണകൂടം നിശ്ചയിച്ച വില. ജില്ലയിലെ കേരള ചിക്കന്റെ ആറ് ഔട്ട്ലെറ്റുകളിൽ ഒരു കിലോ കോഴിയിറച്ചിക്ക് 170 രൂപ നിരക്കിലാണ് കച്ചവടം നടത്തിയത്. എന്നാൽ കാര്യമായ സ്റ്റോക്ക് ഇവിടങ്ങളിലൊന്നും ഇല്ലെന്നതിനാൽ വിപണി വിലയെ സ്വാധീനിക്കാനായില്ല.
ലോക്ക് ഡൗണിന് പിന്നാലെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിത്തീറ്റ വരവ് കുറഞ്ഞതും പക്ഷിപ്പനിക്ക് പിന്നാലെ കോഴിവില കുത്തനെ കുറഞ്ഞതും ജില്ലയിലെ കോഴി കർഷകരെ ഈ മേഖലയിൽ നിന്നകറ്റി. പക്ഷിപ്പനി സമയത്ത് തമിഴ്നാട്ടിലെ വൻകിട ഫാമുകളിൽ വലിയതോതിൽ കോഴികൾ കെട്ടിക്കിടന്നിരുന്നു. ഇതുവഴിയുണ്ടായ നഷ്ടം നികത്തിയതിനൊപ്പം കൊള്ള ലാഭം നേടാനും റംസാൻ, പെരുന്നാൾ വിപണി കൊണ്ടായി. അതേസമയം നഷ്ടത്തിന് പിന്നാലെ ഫാമുകൾ അടച്ചുപൂട്ടിയ ജില്ലയിലെ കർഷകർക്ക് വില വർദ്ധനവിന്റെ ഗുണം ലഭിച്ചതുമില്ല.