മലപ്പുറം: മൺസൂൺ കാല ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് നിലവിൽ വരുന്നതിന് മുമ്പായി ജില്ലയിലെ ട്രോൾ ബോട്ടുകളെല്ലം മത്സ്യബന്ധനം കഴിഞ്ഞ് ജൂൺ ഒമ്പതിന് മുമ്പ് ഹാർബറിൽ എത്തണമെന്ന് ഡെപ്യൂട്ടി കളക്ടർ(ആർ.ആർ) പി.മുരളീധരൻ അറിയിച്ചു. സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാനത്ത് നിന്ന് മലപ്പുറം ജില്ലയിലേക്ക് മത്സ്യബന്ധനത്തിനായി എത്തിയ ട്രോൾ ബോട്ടുകൾ ജൂൺ ഒമ്പതിനകം കേരളതീരം വിട്ട് പോകണം. ജില്ലയിൽ ആകെ 191 ട്രോൾ ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കാലയളവിൽ നിയമവിരുദ്ധമായി സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ലൈറ്റ് ഫിഷിഗും നടത്തുന്നവരെ കണ്ടെത്താൻ ഫിഷറീസ് വകുപ്പ് പരിശോധന കർശനമാക്കും. പെയർ ട്രോളിംഗ് തടയുന്നതിനായി കടൽ പട്രോളിങും ശക്തമാക്കും. ട്രോളിങ് നിരോധന കാലയളവിലെ രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ ജില്ലയ്ക്കായി ഒരു ബോട്ട്, അഞ്ച് ഫൈബർ ബോട്ട്, അഞ്ച് റെസ്‌ക്യൂ ഗാർഡുമാർ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.