മലപ്പുറം: യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതോടെ സ്വകാര്യ ബസ് സർവീസുകൾ പാതിവഴിയിൽ ഓട്ടം അവസാനിപ്പിക്കുന്നു. ജില്ലയിലെ 1,600 ഓളം വരുന്ന സ്വകാര്യബസുകളിൽ കഴിഞ്ഞ ദിവസം ഓടിയത് 50ൽ താഴെ മാത്രം. ഇതിൽ തന്നെ പലരും ഉച്ചയോടെ സർവീസ് അവസാനിപ്പിച്ചു. പല ബസുകൾക്കും ഡീസൽ തുക തന്നെ കിട്ടുന്നില്ലെന്ന് ബസ് ഉടമകൾ പറഞ്ഞു. ലോക്ക് ഡൗണോടെ നിറുത്തിയ സർവീസുകൾ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പുനരാരംഭിച്ചത്.
രോഗികളുടെ എണ്ണം കൂടിവരുന്നതും മിക്കവരും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നതും തിരിച്ചടിയായി. പകുതി സീറ്റുകളിൽ മാത്രമേ യാത്രക്കാരെ കയറ്റാവൂ എന്ന് സർക്കാർ നിർദ്ദേശമുണ്ട്. ഇതോടെ രാവിലത്തെ ട്രിപ്പിൽ വഴിയിൽ കാത്തുനിന്നവരെ കയറ്റാനാവുന്നില്ല. ഈസമയത്ത് മാത്രമാണ് കാര്യമായി യാത്രക്കാരുള്ളത്. നിലമ്പൂർ - എടക്കര റൂട്ടിലെ ചില ബസുകളിൽ ഉടമകളാണ് കണ്ടക്ടർമാരായത്. ഡ്രൈവർ മാത്രമായിരുന്നു ജീവനക്കാരൻ. ജീവനക്കാർക്കുള്ള കൂലി പോലും ലഭിക്കുന്നില്ലെന്ന് ഉടമകൾ പറയുന്നു. മഞ്ചേരി - തിരൂർ, മഞ്ചേരി- വഴിക്കടവ്, എടക്കര - മുണ്ടേരി, കൊണ്ടോട്ടി - മഞ്ചേരി, തിരൂർ - വളാഞ്ചേരി, പെരിന്തൽമണ്ണ റൂട്ടുകളിലാണ് കാര്യമായി സർവീസ് നടന്നത്. ചട്ടിപ്പറമ്പ്, പുഴക്കാട്ടിരി ഭാഗങ്ങളിൽ യാത്രാക്ലേശം രൂക്ഷമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് ബസുകൾ സർവീസ് തുടങ്ങിയെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ ഉച്ചയോടെ നിറുത്തി.
എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ ഉൾപ്രദേശങ്ങളിലേക്കും സർവീസ് തുടങ്ങിയിട്ടുണ്ട്. ജൂൺ തുടക്കത്തോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ബസുകളിൽ ജീവനക്കാരും യാത്രക്കാരും മാസ്ക് ധരിക്കുന്നുണ്ട്. യാത്രക്കാർക്ക് കയറും മുമ്പ് സാനിറ്റൈസറും നൽകുന്നു.
ഇൻഷ്വറൻസ് നീട്ടിക്കിട്ടും
ലോക്ക് ഡൗണിന് പിന്നാലെ ജില്ലയിലെ ബസുകൾ നികുതി, ഇൻഷ്വറൻസ് ഇളവുകൾക്കായി മോട്ടോർവാഹന വകുപ്പിൽ ജി ഫോം സമർപ്പിച്ചിരുന്നു.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ നികുതി സർക്കാർ പൂർണ്ണമായും ഒഴിവാക്കി.
ഈ പശ്ചാത്തലത്തിൽ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നാല് പൊതുമേഖല ഇൻഷ്വറൻസ് സ്ഥാപനങ്ങളുമായി ചർച്ച നടത്തിയതിൽ ഇൻഷ്വറൻസ് കാലാവധി നീട്ടി നൽകാമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്.
ഇതിനായി മാർച്ച് 23 മുതൽ രണ്ടുമാസം ബസ് സർവീസ് നടത്തിയില്ലെന്ന് തെളിയിക്കുന്ന ലെയ്ഡ് അപ്പ് സർട്ടിഫിക്കറ്റ് ആർ.ടി.ഒ ഓഫീസുകളിൽ നിന്ന് വാങ്ങി ഇൻഷ്വറൻസ് ഓഫീസുകളിൽ സമർപ്പിക്കണം.
വരുംദിവസങ്ങളിൽ യാത്രക്കാർ കൂടുമെന്ന പ്രതീക്ഷയിലാണ്. നിലവിൽ ചെലവുതുക പോലും ലഭിക്കുന്നില്ല. ഇൻഷ്വറൻസ് ഇളവ് ഉറപ്പാക്കാനായത് ബസ് മേഖലയ്ക്ക് ആശ്വാസമാകും.
ഹംസ എരിക്കുന്നൻ, ട്രഷറർ, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ.