പൊന്നാനി: ഭാരതപ്പുഴയുടെ സംഭരണശേഷി വർദ്ധിപ്പിക്കാൻ മണൽത്തിട്ടകൾ നീക്കുന്നത് അത്ര വേഗത്തിൽ നടക്കില്ലെന്ന് നിരീക്ഷണം. പ്രളയത്തെ നേരിടാൻ പുഴയുടെ സംഭരണശേഷി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജലസേചന, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഈ അഭിപ്രായമുയർന്നത് . സംഘത്തിന്റെ റിപ്പോർട്ട് 28ന് സമർപ്പിക്കും.നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർക്കുന്ന വീഡിയോ കോൺഫറൻസിലാണ് റിപ്പോർട്ട് സമർപ്പിക്കുക.
മണൽതിട്ടകൾ മാറ്റി പുഴയുടെ സംഭരണശേഷിയും ഒഴുക്കും വർദ്ധിപ്പിച്ചാൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിനെ ഏതു തരത്തിൽ ബാധിക്കുമെന്ന് പഠനത്തിലൂടെ കണ്ടെത്തണം. പുഴയുടെ ഒഴുക്കിലുണ്ടാകുന്ന വലിയ മാറ്റം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന് ഭീഷണിയാകുമോയെന്ന ആശങ്ക ഉദ്യോഗസ്ഥസംഘത്തിനുണ്ട്.
കുറ്റിപ്പുറം മുതൽ പൊന്നാനി അഴിമുഖം വരെയുള്ള പുഴയുടെ ഭാഗങ്ങളിൽ രൂപപ്പെട്ട കൂറ്റൻ മണൽത്തിട്ടകളും വലിയ മരങ്ങളോടുകൂടിയ പുൽക്കാടുകളും പുഴയുടെ സംഭരണശേഷി കുറയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. ഇവ നീക്കിയാൽ പുഴ കരകവിഞ്ഞൊഴുകുന്നത് തടയാനാകുമെന്നായിരുന്നു നിരീക്ഷണം. വിദഗ്ദ്ധ പഠനത്തിലൂടെ മാത്രമേ ഇക്കാര്യം പ്രായോഗികമാണോയെന്ന് കണ്ടെത്താനാവൂ എന്നാണ് ഉദ്യോഗസ്ഥസംഘത്തിന്റെ അഭിപ്രായം.
പരിശോധനയ്ക്ക് ഇറിഗേഷൻ മെക്കാനിക്കൽ സൂപ്രണ്ടിംഗ് എൻജിനീയർ രാജു, ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർമാരായ അലക്സ് വർഗീസ്, അനിൽ, മെക്കാനിക്കൽ എക്സിക്യുട്ടീവ് എൻജിനിയർ ഹരി, പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയർ ഗീത, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാരായ സുരേഷ്, ഹരീന്ദ്രനാഥ്, ഷാജൻ, മിഥുൻ, അസിസ്റ്റന്റ് എൻജിനിയർമാരായ രാജേഷ്, രഞ്ജു രാജൻ, അബ്ദുൾ മുനീർ, പോർട്ട് കൺസർവേറ്റർ മനോജ് , പൊന്നാനി നഗരസഭ ചെയർമാൻ മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
കണ്ടെത്തലുകൾ
മണൽതിട്ടക്ക് പുറത്തുള്ള പുഴയൊഴുക്കിന്റെ തടസങ്ങൾ നീക്കുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്
പുഴയിലെ ചെളിനീക്കുന്ന പ്രവൃത്തി കാര്യക്ഷമമായി നടന്നിട്ടില്ല.
പുഴ കടലിനോടു ചേരുന്ന പൊന്നാനി അഴിമുഖത്തെ പുലിമുട്ടിന്റെ വീതിക്കുറവ് പുഴ കരകവിയാനിടയാക്കുന്നുണ്ട്.ഈ മേഖലയിൽ വീതി കൂട്ടാൻ എന്തു ചെയ്യാനാകുമെന്നത് പഠനവിധേയമാക്കണം.
പുഴയോര പാതയായ കർമ്മ റോഡിലെ പൈപ്പിലൂടെ വെള്ളം കയറുന്നതാണ് പ്രളയകാരണമെന്ന് പൂർണ്ണമായും പറയാനാവില്ല.
പാറക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച റോഡിന്റെ പാർശ്വഭാഗങ്ങളിലൂടെ വെള്ളം തീരത്തേക്ക് കയറുന്നുണ്ട്. റോഡ് നിർമ്മാണം ശാസ്ത്രീയമായല്ല. പരിഹാരത്തെപ്പറ്റി വിശദമായി പഠിക്കണം.
നിലവിൽ പുഴയിലെ ഒഴുക്കിന്റെ വേഗത മാനദണ്ഡമാക്കിയാണ് ഒട്ടുമിക്കകുടിവെള്ള, ജലസേചന പദ്ധതികളും നിലനിൽക്കുന്നത് . ഒഴുക്കിലെ മാറ്റം പദ്ധതികളെ ഏതുവിധത്തിൽ ബാധിക്കുമെന്നത് പഠന വിധേയമാക്കണം
ഇറിഗേഷൻ ഉദ്യോഗസ്ഥർ