പൊന്നാനി: പൊന്നാനി - കുറ്റിപ്പുറം ദേശീയപാതയിൽ കോട്ടത്തറ കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപത്തെ തലപ്പിൽ ഫുട്പാത്തിലെ കലുങ്കിനടിയിൽ 14 വടിവാളുകൾ കണ്ടെടുത്തു. രാവിലെ 10ഓടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ ശുചീകരണ തൊഴിലാളികൾ ജോലിക്കിടെയാണ് ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട വടിവാളുകൾ കണ്ടെത്തിയത്. രണ്ടു വർഷത്തിലധികം പഴക്കം കണക്കാക്കുന്ന വടിവാളുകളാണ് ഇവിടെ നിന്നും ലഭിച്ചത്. വാളൂകളെല്ലാം തുരുമ്പെടുത്ത നിലയിലാണ്. ആളുകളുടെ ശ്രദ്ധ പതിയാത്ത സ്ഥലത്ത് ഇത്തരത്തിൽ വാളുകൾ ഒളിപ്പിച്ച് വച്ചത് മനപ്പൂർവ്വം സംഘർഷത്തിന് വേണ്ടിയാണോ എന്നാണ് സംശയം. നേരത്തെ ഈ മേഖലയിൽ ചെറിയ തോതിൽ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ആരെങ്കിലും ആയുധങ്ങൾ ഒളിപ്പിച്ചുവച്ചതാകാമെന്നും സംശയിക്കുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാളുകൾ പരിശോധനക്കെടുത്തു.പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ ആയുധശേഖരം കണ്ടെത്തുന്നത്.
അന്വേഷണം ഊർജ്ജിതമാക്കിയതായി പൊന്നാനി പൊലീസ് അറിയിച്ചു.