മഞ്ചേരി: ലോക്ക് ഡൗൺ കാലത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി നാട്ടിൽ ഭീതി പടർത്തിയ ബ്ലാക്ക് മാൻ കഥകൾക്ക് ഇപ്പോഴും അവസാനമായില്ല. ഇത്തരം സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി സ്വദേശി കോമ്പാറയിൽ വച്ച് കഴിഞ്ഞ ദിവസം പിടിയിലായി. ടാക്സി ഡ്രൈവറായ ഇയാൾ മുഖത്ത് ചായം തേച്ച് വീടുകളിൽ കയറി പേടിപ്പിക്കുന്നത് പതിവായിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ചാണ് ഇയാളെ പിടികൂടിയത്.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ കുന്ദംകുളം ഭാഗങ്ങളിലാണ് ബ്ലാക്ക്മാൻ കഥകൾ പ്രചരിച്ച് തുടങ്ങിയത്.പിന്നീട് നിലമ്പൂർ, മമ്പാട് മേഖലകളിലെ പ്രദേശങ്ങളിലും ഇത്തരം കഥകൾ പ്രചരിച്ചു. ശബ്ദസന്ദേശങ്ങളും വ്യക്തമല്ലാത്ത പേടിപ്പെടുത്തുന്ന രൂപങ്ങളുമായി സേഷ്യൽ മീഡിയയിലും ബ്ളാക്ക് മാൻ നിറഞ്ഞു. ഇത്തരത്തിൽ നാടിനെ ഭീതിയിലാഴ്ത്തിയ പലരെയും വേഷം മാറിയ നിലയിൽ പൊലീസും നാട്ടുകാരും പിടികൂടിയിട്ടുണ്ട്
18 സ്ഥലങ്ങളിൽ ബ്ലാക്ക് മാനായി വിലസിയയാളെ തലശ്ശേരി പൊലീസ് പിടികൂടിയിരുന്നു. 30ഓളം കേസുകളാണ് കോഴിക്കോട് വിവിധ പ്രദേശങ്ങളിൽ ചുരുങ്ങിയ കാലത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കണ്ണൂരിൽ വളപട്ടണം സ്റ്റേഷൻ പരിധിയിലെ അഞ്ച് പ്രദേശങ്ങളെ ബ്ലാക് മാൻ മുൾമുനയിലാക്കി.
അതിവേഗം, ബഹുദൂരം പടർന്ന്
പ്രദേശങ്ങളും ജില്ലകളും മാറുന്നുണ്ടെങ്കിലും ബ്ളാക്ക് മാൻ കഥകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്.
രാത്രി വീടിന് നേരെ കല്ലേറ് , ജനൽച്ചില്ലുകൾ തകർക്കൽ, നഗ്നതാപ്രദർശനം, ജനലിന് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, പൈപ്പുകൾ തുറന്നിടുക, രക്തത്തുള്ളികളും പാടുകളും വീഴ്ത്തുത്തുക, ഭീകരരൂപങ്ങളിൽ വേഷം മാറി പ്രത്യക്ഷപ്പെടുക തുടങ്ങിയ ബ്ലാക്ക്മാൻ കഥകൾ വളരെ വേഗത്തിൽ പരക്കുന്നണ്ട്.
നാട്ടുകാർ പോകാൻ ഭയക്കുന്ന ദുർഘടമായ പാതകളാണ് രക്ഷപെടാൻ ഇവർ പൊതുവേ തിരഞ്ഞെടുക്കുന്നത്.
സന്ദേശങ്ങൾ കൈമാറാനായി ബ്ലാക്ക് മാൻ എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ പോലും വിവിധ പ്രദേശങ്ങളിൽ സൃഷ്ടിക്കപ്പെട്ടു.