മലപ്പുറം: ചെറിയ ചൂട് വന്നാൽ പോലും ആശുപത്രിയിലേക്ക് ഓടുന്നവർ വിറച്ചു പനിക്കുമ്പോഴും ചികിത്സ തേടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ പനിബാധിതരുടെ കണക്കുകൾ. മേയ് ഒന്നുമുതൽ ഇന്നലെ വരെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ വൈറൽപനി ബാധിച്ച് ചികിത്സ തേടിയത് 8,345 പേർ മാത്രമാണ്. ദിവസം ശരാശരി 300നും 400നും ഇടയിലാണ് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം. കൊവിഡ് സ്ഥിരീകരിക്കും മുമ്പ് ഒരുദിവസം 1100ന് മുകളിൽ പേർ പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. വേനൽമഴ കനക്കുമ്പോഴും മൺസൂൺ കാലത്തും ഇത് 2000ൽ എത്തും. 2019ൽ 4.35 ലക്ഷം പേരാണ് ജില്ലയിൽ വൈറൽപനിക്ക് ചികിത്സ തേടിയത്. മാസം ശരാശരി 36,000 പേർ ചികിത്സ തേടിയിരുന്നു.
ജില്ലയിലെ പ്രധാന ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജിനെ പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. പനിബാധിതരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്ന ആശുപത്രിയാണിത്. ചെരണിയിലെ ടി.ബി ആശുപത്രിയിൽ ജനറൽ വിഭാഗങ്ങളുടെ ചികിത്സ തുടങ്ങിയിട്ടുണ്ടെങ്കിലും ഇവിടേക്കെത്തുന്ന രോഗികളുടെ എണ്ണം കുറവാണ്. സി.എച്ച്.സികളിലെയും പി.എച്ച്.സികളിലെയും അവസ്ഥ സമാനമാണ്. പനിയും ജലദോഷവും കൊവിഡിന്റെ ലക്ഷണമായും വിലയിരുത്തുന്നതിനാൽ ഇതു ഭയന്നാണ് വൈറൽപനി ബാധിതർ ചികിത്സയ്ക്കെത്താൻ മടിക്കുന്നത്. പനി ബാധിച്ച് ചികിത്സ തേടിയാൽ ഹോം ക്വാറന്റൈനിൽ കഴിയേണ്ടി വരുമോയെന്ന തെറ്റിദ്ധാരണയുള്ളവരുണ്ട്. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും പനി ബാധിച്ചെത്തുന്നവരെ പ്രത്യേകമായാണ് പരിശോധിക്കുന്നത്. ചിലയിടങ്ങളിൽ രോഗവിവരം അന്വേഷിച്ച ശേഷമാണ് ആശുപത്രിക്കുള്ളിലേക്ക് വിടുന്നത്.
ഡെങ്കിയും വരുന്നു
വേനൽമഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും വരവറിയിച്ചിട്ടുണ്ട്. മേയിൽ രണ്ട് ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്, വട്ടംകുളത്താണിത്. 25 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. മൂന്നുപേർ എലിപ്പനി ലക്ഷണങ്ങളോടെയും ആശുപത്രികളിലെത്തി.