lll
.

മലപ്പുറം: വഴിയോരത്ത് പൈനാപ്പിൾ കച്ചവടക്കാരുടെ തിരക്കാണ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണിപ്പോൾ. നാല് കിലോയ്ക്ക് 100 രൂപ. റംസാനിൽ മൂന്ന് കിലോയ്ക്ക് 100 രൂപയായിരുന്നു. കുറ‌ഞ്ഞ വിലയിൽ നല്ല മധുരമുള്ള വലിയ പൈനാപ്പിൾ ലഭിക്കുമെങ്കിലും കർഷകന് നഷ്ടത്തിന്റെ കയ്പ്പാണ്. മൂവാറ്റുപുഴ, വാഴക്കുളം എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൈനാപ്പിളുകളെത്തുന്നത്. കൂത്താട്ടുകുളം, തൊടുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള പൈനാപ്പിളുകളുമുണ്ട്. 10 മുതൽ 13 രൂപ വരെ നൽകിയാണ് ഏജന്റുമാർ കർഷകരിൽ നിന്ന് പൈനാപ്പിളുകൾ ശേഖരിക്കുന്നത്. 18 രൂപയ്ക്ക് വഴിയോര കച്ചവടക്കാർക്ക് കൈമാറും. ഇവർ കിലോയ്ക്ക് ഏഴുരൂപ ലാഭത്തിൽ വിൽക്കും. ദിവസം അഞ്ച് ടൺ വരെ വിൽപ്പന നടത്തുന്നവരുണ്ട്.

അവരുടെ ഗതികേട്

കൊവിഡോടെ വിദേശങ്ങളിലേക്കുള്ള കയറ്റുമതി ഇല്ലാതായതും സ്‌ക്വാഷ്, ജാം ഉത്പാദനം കുറഞ്ഞതും ജ്യൂസ് കടകൾ അടഞ്ഞു കിടന്നതും പൈനാപ്പിളിന്റെ ആവശ്യകത കുറ‌ച്ചു. പഴുക്കുംമുമ്പു തന്നെ പറിച്ചാലേ വാഹനങ്ങളിൽ കേടുപാട് കൂടാതെ കൊണ്ടുപോകാനാവൂ. പഴുക്കാറായിട്ടും പൈനാപ്പിളുകൾ തോട്ടങ്ങളിൽ കെട്ടിക്കിടന്നതോടെ കിട്ടിയ വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ.