മലപ്പുറം : ജില്ലയിൽ പുതിയ രോഗബാധിതരായി ആരുമില്ല. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 511 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം. മെഹറലി അറിയിച്ചു. 12,470 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 144 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ 139 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്നു പേരും നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിൽ ഒരാൾ വീതവുമാണ് ഐസൊലേഷനിലുള്ളത്. 11,114 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,212 പേർ കൊവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.
ചികിത്സയിലുള്ളത് 44 പേർ
കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ 44 പേരാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയാണ്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 79 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ഒമ്പത് പേർ രോഗം ഭേദമായ ശേഷം തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടരുകയാണ്.
ആറ് പേർ കൂടി രോഗമുക്തരായി
കൊവിഡ് സ്ഥിരീകരിച്ച് മഞ്ചേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേർ വിദഗ്ദ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മഞ്ചേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ ആര്യാട് സ്വദേശിനിക്കും രോഗം ഭേദമായി.