മലപ്പുറം: ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ മേയ് 28, 31 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാദ്ധ്യതയുള്ളത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരും പുഴയോരങ്ങളിൽ താമസിക്കുന്നവരും കടലാക്രമണ സാദ്ധ്യതയുള്ള തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം. ഇത്തരത്തിൽ അപകടം ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം.
ഇവയിൽ ശ്രദ്ധ വേണം
1 ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിന്റെ ടെറസിൽ നിൽക്കുന്നത് ഒഴിവാക്കണം.
2 ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം.
3 ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി 1077 എന്ന നമ്പറിൽ മുൻകൂട്ടി ബന്ധപ്പെടണം. ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം.
4 കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ഇവയുടെ സമീപത്ത് നിൽക്കരുത്.
5 നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ ജോലി നിറുത്തി സുരക്ഷിതമായ ഇടത്തേക്ക് മാറണം.
6 വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.