പെരിന്തൽമണ്ണ: നഗരത്തിൽ വാഹനങ്ങൾ അശ്രദ്ധമായി റോഡിൽ പാർക്ക്​ ചെയ്യുന്നതിനെതിരേ കർശന നടപടിയുമായി പെരിന്തൽമണ്ണ പൊലീസ്. ഇത്തരത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. സേഫ് പെരിന്തൽമണ്ണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഗതാഗതം സുഗമമാക്കുകയാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്. പെരിന്തൽമണ്ണ പൊലീസും ട്രാഫിക് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച ഇത്തരത്തിൽ നിറുത്തിയിട്ട 40ഉം ഇന്നലെ 52 ഉം വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഉടമകൾക്കും എതിരെ കേസെടുത്തു. കൂടാതെ നഗരത്തിൽ അശ്രദ്ധമായി നിറുത്തിയിട്ടു പോകുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് ഇൻസ്‌​പെക്ടർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. ഇത്തരം വാഹനങ്ങൾ കോടതി നടപടികളിലൂടെയേ തിരികെ കിട്ടൂവെന്നും വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും
അദ്ദേഹം അറിയിച്ചു.