മലപ്പുറം: കൊവിഡ് 19 പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലും കടകളിലും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എ.ഡി.എം എൻ.എം മെഹറലി അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തവരെ കണ്ടെത്തുന്നതിനായി താലൂക്ക് തലത്തിൽ കടകൾ, ചന്തകൾ, മറ്റ് പൊതുസ്ഥലങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്താത്ത കടകൾക്കെതിരെയും മാസ്‌ക് ധരിക്കാത്തവർക്കവർക്കെതിരെയും നടപടിയെടുക്കും. ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകളിലും റോഡിലും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം പൊതുജനങ്ങൾ അനാവശ്യമായി സംഘം ചേരുകയും സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുളള നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വരുംദിവസങ്ങളിൽ സ്ക്വാഡ് പരിശോധന ശക്തമാക്കും.