മലപ്പുറം: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രോഗികളെയും കൊണ്ടുപായുന്ന 108 ആംബുലൻസിലെ ജീവനക്കാർ നേരിടുന്നത് കടുത്ത ദുരിതം. രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയായതോടെ സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെയാണ് മാർച്ചിലെ ശമ്പളം നൽകിയത്. 32 ആംബുലൻസുകളാണ് ജില്ലയിൽ ഓടുന്നത്. ഇതിൽ 31ഉും കൊവിഡ് ഡ്യൂട്ടിയിലാണ്. 14 ആംബുലൻസുകൾക്ക് 24 മണിക്കൂറും ഡ്യൂട്ടിയുണ്ട്. ഡ്രൈവർമാരും നേഴ്സുമാരുമടക്കം 92 ജീവനക്കാരുണ്ട്. ജോലിയിൽ പ്രവേശിക്കുമ്പോൾ വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. 26 ദിവസം ഡ്യൂട്ടിയെടുത്താൽ ഡ്രൈവർക്ക് 16,200 രൂപയും നേഴ്സിന് 19,300 രൂപയുമാണ് ലഭിക്കുന്നത്. നേഴ്സുമാർക്ക് 21,000 രൂപയായിരുന്നു വാഗ്ദാനം. പി.എഫും ഇ.എസ്.ഐക്കും പുറമെ ട്രെയ്നിംഗ് ഫീസെന്ന നിലയിൽ നല്ലൊരു തുകയും പിടിക്കും. രണ്ട് ഷിഫ്റ്റുകളാണ് ജോലി. രാത്രി എട്ടിന് തുടങ്ങിയാൽ രാവിലെ എട്ടുവരെ നീളും. 26 ദിവസവും ജോലി ചെയ്തവരിൽ പലർക്കും കൃത്യമായ ശമ്പളം ലഭിച്ചില്ല. പ്രവാസികളുടെ തിരിച്ചുവരവോടെ 108 ആംബുലൻസുകൾക്ക് നിലയ്ക്കാത്ത ഓട്ടമാണ്. ജില്ലയ്ക്കകത്തും പുറത്തും സർവീസ് നടത്തുന്നതിനാൽ ഡ്യൂട്ടിയിൽ പേരിന് മാത്രമാണ് സമയപരിധി. രോഗികളെ ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലേക്കും കൊണ്ടുപോവുന്ന ഉത്തരവാദിത്വത്തിനിടെ പലരും സ്വന്തം വീട്ടിൽ പോയിട്ട് മാസങ്ങളായി. വിവിധ ജില്ലകളിൽ നിന്നുള്ളവർ മലപ്പുറത്തെ 108 ആംബുലൻസുകളിലുണ്ട്. കെ.എം.എസ്.സി.എൽ മുഖേന സർവീസിന് കരാറെടുത്ത സ്വകാര്യ കമ്പനിയാണ് ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത്.

ഭക്ഷണവുമില്ല, താമസവും

തുച്ഛമായ ശമ്പളത്തിൽ നിന്ന് ഭക്ഷണ, താമസച്ചെലവുകൾ കണ്ടെത്തേണ്ട അവസ്ഥയാണ്. ചില ആശുപത്രികളിൽ ഫീമെയിൽ നേഴ്സുമാർക്ക് ആശുപത്രിക്കുള്ളിൽ താമസമൊരുക്കുന്നുണ്ട്. ഡ്രൈവർമാർ വാഹനത്തിനുള്ളിലും ആശുപത്രി വരാന്തകളിലുമാണ് താമസിക്കുന്നത്. ഏതു സമയത്തും വിളിച്ചാൽ അതിവേഗമെത്തേണ്ടവർക്ക് ഒന്ന് വിശ്രമിക്കാൻ പോലും സൗകര്യങ്ങളില്ല. നേരത്തെ പലരും സാമൂഹിക അടുക്കളയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ജീവൻ പണയംവച്ച് ഓടുമ്പോഴും ശമ്പളം പോലും ലഭിക്കാത്ത ഗതികേടിലാണിവർ.

ശമ്പളം മുടങ്ങുന്നത് ജീവിതം വഴിമുട്ടിക്കുന്നുണ്ട്. ആശുപത്രി വരാന്തകളിലാണ് കഴിയുന്നത്. ഭക്ഷണത്തിനും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

108 ആംബുലൻസ് ഡ്രൈവർ