എടപ്പാൾ: ട്രെയിനുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നചെറുകിടക്കാർ ലോക്ക് ഡൗൺ ആയതോടെ പട്ടിണിയിലാണ്. കോഴിക്കോട് മുതൽ ഷൊർണ്ണൂർ വരെയുള്ള ട്രെയിനുകളിൽ ചായ കാപ്പി, വെള്ളം, പാനീയങ്ങൾ തുടങ്ങിയവ വിൽക്കുന്നവരാണിവർ. പേന, പത്രം, പുസ്തകം, കളിപ്പാട്ടം തുടങ്ങിയവ വിൽക്കുന്നവരുണ്ട്. മൂന്നുമാസത്തോളം ട്രെയിൻ ഗതാഗതം നിലച്ചതോടെ ഇവരുടെ ജീവിതം വഴിമുട്ടി.
ഷൊർണ്ണൂരിൽ തുടങ്ങിയാൽ പട്ടാമ്പി, പള്ളിപ്പുറം, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ഫറോക്ക്, കല്ലായി വരെ നീളുന്നതാണ് ഇവരുടെ സ്റ്റേഷനുകൾ. ട്രെയിൻ സമയത്തിൽ വരുന്ന മാറ്റങ്ങൾ കാരണം നെട്ടോട്ടമോടിയാണ് ഉപജീവനം. ട്രെയിനിലെ ഇത്തരംവിൽപ്പനകൾ നിയമവിധേയമല്ല. അതിന്റെ റിസ്ക് വേറെ. പരിശോധനയിൽ പിടിച്ചാൽ കോടതിയിൽ പിഴയടക്കണം.
ഒറ്റപ്പെട്ട നിലയിൽ
തിരുവനന്തപുരം- പാലക്കാട് ട്രെയിൻ യാത്രയിൽ ഗോവിന്ദച്ചാമി എന്ന ക്രിമിനൽ കൊലപ്പെടുത്തിയ സൗമ്യ എന്ന പെൺകുട്ടിയുടെ മരണത്തോടെ റെയിൽവേ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇതോടെ പലർക്കും താത്കാലികമായെങ്കിലും ജോലി അവസാനിപ്പിക്കേണ്ടിയും വന്നു.
സർക്കാർ വകയോ സംഘടനകൾ വഴിയോ ഉള്ള ഒരു സഹായവും ഇവർക്ക് ലഭ്യമല്ല .
ജീവിതപാളങ്ങൾ വീണ്ടും സജീവമാകാൻ ഇനി എത്ര നാൾ കാത്തിരിക്കേണ്ട വരുമെന്ന ആശങ്ക, നിസ്സഹായതയോടൊപ്പം അവരെ വേട്ടയാടുന്നു.