ddd
CHILD

മലപ്പുറം: കൊവിഡ് ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടിമധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിൻസി പെൺകുഞ്ഞിന് ജന്മമേകി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂർവ നിമിഷത്തിന് വേദിയായത്. ഇന്നലെ രാവിലെ പത്തോടെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 2.7 കിലോഗ്രാമാണ് ഭാരം.

കുവൈറ്റിൽ സ്റ്റാഫ് നഴ്സും പൂർണ ഗ‌ർഭിണിയുമായ ജിൻസി മേയ് 13നാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. മേയ് 20, 21 തീയതികളിലെ പരിശോധനയിൽ കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് സ്റ്റെപ്പ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റി. ഭാര്യയുടെ രോഗം ഭേദമായതിന്റെയും പൂർണ ആരോഗ്യത്തോടെ കുഞ്ഞിനെ ലഭിച്ചതിന്റെയും സന്തോഷത്തിൽ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുകയാണ് ഭർത്താവ് ലിജോ ജോസഫ്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ്, ഹെഡ് നഴ്സ് മിനി കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് ശസ്ത്രക്രിയ നടത്തിയത്. എട്ട് വയസുകാരൻ ലിയോയാണ് മൂത്തമകൻ.