മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്ന് ഇന്നലെ ആറുപേർ കൂടി രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി കൊവിഡ് -19 സ്ഥിരീകരിച്ചവരാണ് രോഗം ഭേദമായി മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. മേയ് 10ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം തയ്യിൽ ഷാഹുൽ (34 ), 14ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി കൂത്തുപറമ്പിൽ കെ.പി മുഹമ്മദ് റിഫാസ് (27), മൂന്നിയൂർ വെളിമുക്ക് സൗത്ത് മൈത്രി റോഡ് പുളിക്കൻവീട്ടിൽ പാലത്തുപടി പി.വി പ്രസാദ് (44), മാറഞ്ചേരി കാഞ്ഞിരമുക്ക് പഞ്ഞിക്കര ഹൗസ് ധർമ്മരാജ്(49), 17ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം വെള്ളത്തൂർ സിദ്ദിഖ് (61), താനാളൂർ വെള്ളിയത്ത് സെയ്ഫുദ്ദീൻ (33) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇവർ 14 ദിവസം കൂടി വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരും.
ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീന ലാൽ, ഡോ. ഇ. അഫ്സൽ, നോഡൽ ഓഫീസർ ഡോ. പി. ഷിനാസ് ബാബു എന്നിവർക്കൊപ്പം ജീവനക്കാരായ സജീഷ്‌കുമാർ, തങ്കം തുടങ്ങിയവർ ചേർന്നാണ് രോഗം ഭേദമായവരെ യാത്രയാക്കിയത്.