മലപ്പുറം: ജില്ലയിൽ എട്ടുപേർക്ക് കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ ഒരു കുടുംബത്തിലുള്ളവരാണ്. മുംബൈയിൽ നിന്ന് മേയ് 21ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി(60) , ഇദ്ദേഹത്തിന്റെ 30കാരിയായ മരുമകൾ, ഇവരുടെ മക്കളായ മൂന്നു വയസുകാരി, മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞ്, മുംബൈയിൽ നിന്ന് മേയ് 16ന് എത്തിയ തെന്നല തറയിൽ സ്വദേശി 41 കാരൻ, മുംബൈയിൽ നിന്ന് മേയ് 22നെത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കറ്റിൽ നിന്ന് കണ്ണൂർ വഴി മേയ് 23ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങൽ സ്വദേശി 43കാരൻ, ആന്ധ്രപ്രദേശിലെ കർണൂലിൽ നിന്ന് മേയ് എട്ടിനെത്തിയ വള്ളിക്കുന്ന് ആലിൻചുവട് കൊടക്കാട് സ്വദേശി(37) എന്നിവർക്കാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് എ.ഡി.എം. എൻ.എം.മെഹറലി അറിയിച്ചു. ഇവരിൽ പരപ്പനങ്ങാടി സ്വദേശി 60 കാരന്റെ ഭാര്യയ്ക്കും മകനും മേയ് 26ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ചു ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.