മലപ്പുറം: ഭാരതപ്പുഴയിലെ നീരൊഴുക്കിന് തടസമാകുന്ന കാര്യങ്ങൾ അടിയന്തരമായി നീക്കാൻ ഉന്നതതല യോഗ തീരുമാനം. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മന്ത്രിമാരായ ഡോ.കെ.ടി ജലീൽ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് തീരുമാനം. ഭാരതപ്പുഴയിലെ മണൽ ഖനനം ചെയ്തു വിൽക്കാൻ വിവിധ പഠനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ നിലവിൽ അടിഞ്ഞുകൂടി കൂനയായി കിടക്കുന്നവ താഴ്ന്ന ഭാഗങ്ങളിലേക്ക് തട്ടിനിരപ്പാക്കുന്നതിനും വളർന്നു നിൽക്കുന്ന ചെങ്ങനക്കാടുകൾ നീക്കം ചെയ്യുന്നതിനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി.
നിലവിലെ റിവർ മൗത് 250 മീറ്ററാണ് ഉള്ളത്. ഇത് വീതികൂട്ടാനാവുമോയെന്നും ഇല്ലെങ്കിൽ സമാന്തരമായി അധിക ജലം വരുമ്പോൾ ഒഴുക്കി വിടാൻ ഫ്ളഡ് ഗേറ്റ് സ്ഥാപിക്കുന്ന കാര്യം പഠന വിധേയമാക്കുന്നതിനുമായി പൂനെ സി.ഡബ്ലൂ.പി.ആർ.എസിനെ ( സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ )ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഹാർബർ, പോർട്ട് വകുപ്പുകൾ സംയുക്തമായാണ് ആവശ്യമായ കാര്യങ്ങൾ ചെയ്യുക. കർമ്മ റോഡിന്റെ പൈപ്പുകൾക്കു ഷട്ടർ / വാൽവ് ഘടിപ്പിക്കുന്ന കാര്യം ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗത്തിന്റെ ഡിസൈൻ പ്രകാരം ചെയ്യും.