തേഞ്ഞിപ്പലം: ലോക്ക് ഡൗൺ കാലത്ത് അവർ വെറുതേയിരുന്നില്ല. പുതിയ വിനോദങ്ങളുടെ മേച്ചിൽപ്പുറങ്ങളും തേടിയില്ല. പകരം കിട്ടിയ സമയം നാട്ടുകാർക്ക് പ്രയോജനമുള്ള എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. ഒരു കൂട്ടം ചെറുപ്പക്കാരുടെ പരിശ്രമഫലമായി തേഞ്ഞിപ്പലം പഞ്ചായത്തിലെ ലക്ഷം വീട് കോളനി നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ഒരുങ്ങിയത് നാലുകിണറുകൾ .
രാജേഷ്, ലത്തീഫ്, ഷാഫി, സൽമാൻ, ഫാരിസ്, റഷീദ് എന്നിവർ നേരിട്ടിറങ്ങിയാണ് കിണർ കുഴിച്ചത്. നാലു കിണറുകളിലൊന്നിൽ വെള്ളം കാണാനായില്ലെങ്കിലും മറ്റു മൂന്നിലും സമൃദ്ധമായി തന്നെ വെള്ളം ലഭിച്ചു. 25ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ
ഒരു പൊതുകിണർ മാത്രമാണുള്ളത്. കൂടുതലും പൈപ്പ് വെള്ളത്തെയാണ് കോളനിക്കാർ ആശ്രയിക്കുന്നത്. വേനൽ കടുത്താൽ പൈപ്പ് വെള്ളം വിരുന്നുകാരനാവും.
അഞ്ചാമത്തെ കിണർ നിർമ്മാണവുമായി മുന്നോട്ടുപോവുകയാണിവർ.
വിവിധ തൊഴിൽ ചെയ്തു ഉപജീവനം നടത്തുന്ന ഇവർ ലോക്ക് ഡൗണിൽ തൊഴിലില്ലാതിരിക്കുകയാണ്. സ്വന്തം പരാധീനതയിലും മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസിലാക്കി ഒന്നിക്കുകയായിരുന്നു ഇവർ