മലപ്പുറം: കൊവിഡിനെ തുടർന്ന് ദുബായിൽ നിന്നും 182 പ്രവാസികൾ കൂടി കരിപ്പൂർ വഴി കേരളത്തിൽ തിരിച്ചെത്തി. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിന്നുള്ള യാത്രക്കാരുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 65 വയസിന് മുകളിൽ പ്രായമുള്ള ആറുപേർ, 10 വയസിന് താഴെ പ്രായമുള്ള 32 കുട്ടികൾ, 46 ഗർഭിണികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.
തിരിച്ചെത്തിയവരിൽ നാലുപേർക്കാണ് വിവിധ ആരോഗ്യ പ്രശ്നങ്ങൾ കണ്ടത്.. മലപ്പുറം രണ്ട്, കോഴിക്കോട് ഒന്ന്, പാലക്കാട് ഒന്ന് എന്നിങ്ങനെ. ഇവരെ വിവിധ ആശുപത്രികളിൽ വിദഗ്ദ്ധ പരിശോധനകൾക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകളിങ്ങനെ; മലപ്പുറം 92, കണ്ണൂർ അഞ്ച്, കാസർകോട് അഞ്ച്, കോഴിക്കോട് 56, എറണാകുളം മൂന്ന്, പാലക്കാട് 18, വയനാട് മൂന്ന്.
57 പേർ കൊവിഡ്സെന്ററുകളിൽ
ദുബായിൽ നിന്നെത്തിയ 56 പേരെ വിവിധ സർക്കാർ കൊവിഡ് കെയർ സെന്ററുകളിലും ഒരു മലപ്പുറം സ്വദേശിയെ സ്വന്തം ചെലവിൽ കഴിയേണ്ടുന്ന പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. മലപ്പുറം 20, കാസർകോട് നാല്, കോഴിക്കോട് 26, പാലക്കാട് നാല്, വയനാട് രണ്ട്. പ്രകടമായ ആരോഗ്യപ്രശ്നങ്ങളില്ലാത്ത 121 പേരെ സ്വന്തം വീടുകളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഇവർ പൊതുസമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ കഴിയണം.