മലപ്പുറം / തിരുവല്ല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ അടക്കം നാലു മലയാളികൾ ഗൾഫിൽ മരിച്ചു. മലപ്പുറം സ്വദേശികളാണ് മൂന്നുപേർ. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് വീട്ടമ്മ.
മലപ്പുറം, തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (46), ചെങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49) എന്നിവർ സൗദി അറേബ്യയിലെ ജിദ്ദയിലും എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തൂട്ടി (50) അബുദാബിയിലുമാണ് മരിച്ചത്.
റുവൈസിൽ കാർ മൊത്തക്കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മുഹമ്മദലി ഒരുമാസമായി ജിദ്ദയിലെ ജാമിഅ കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉുംഅൽനാറിൽ ഹൗസ് ഡ്രൈവറായിരുന്ന മൊയ്തൂട്ടി അബൂദാബി ഷേയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. പുള്ളിയിൽ ഉമ്മർ ജിദ്ദ നാഷണൽ ആശുപത്രിയിലാണ് മരിച്ചത്.
തിരുവല്ല ആമല്ലൂർ മുണ്ടമറ്റം എബ്രഹാം കോശിയുടെ (കൊച്ചുമോൻ) ഭാര്യ റിയ ഫിലിപ്പോസ് (58) കുവൈറ്റിൽ വ്യാഴാഴ്ചയാണ് മരിച്ചത്. സംസ്കാരം അവിടെ നടത്തി. കോഴഞ്ചേരി പാണ്ട്യാലയ്ക്കൽ കുടുംബാംഗമാണ്. കുവൈറ്റിലെ ബിസിനസ് അവസാനിപ്പിച്ച് കൊച്ചുമോൻ ഭാര്യയ്ക്കൊപ്പം മാർച്ചിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ലോക്ക്ഡൗൺ മൂലമാണ് അവിടെ തുടർന്നത്. മകൾ: ദിവ്യ (ബെംഗളൂരു).