മലപ്പുറം: കൊവിഡും പ്രളയവും ട്രഷറി നിയന്ത്രണങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെ 100 കോടിയിലധികം രൂപയുടെ പ്രവൃത്തികൾ ഒഴിവാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ നിന്ന് ഒഴിവാക്കേണ്ട പ്രവൃത്തികൾ ഏതൊക്കെയെന്നത് പരിശോധിക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പർമാരുടെ എട്ട് സംഘങ്ങളെ നിയോഗിച്ചു. 2019ലെ 117 കോടിയുടെ സ്പിൽ ഓവർ പദ്ധതികൾ തുടരണമെങ്കിൽ 2020 ബഡ്ജറ്റിലെ അത്രയും തുകയ്ക്കുള്ള പുതിയ പദ്ധതികൾ ഉപേക്ഷിക്കേണ്ടി വരും. സ്പിൽ ഓവർ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്. ചിലത് തുടങ്ങുവാനും തുടങ്ങിയവ പൂർത്തിയാക്കുവാനും കഴിഞ്ഞിട്ടില്ല. ഇത്രയും പ്രവൃത്തികൾ സ്പിൽ ഓവറായി തുടരണമെങ്കിൽ 2020-21 വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് പണം കണ്ടെത്താനാണ് സർക്കാർ നിർദ്ദേശം. അല്ലെങ്കിൽ അത്രയും തുകയ്ക്കുള്ള പദ്ധതികൾ ഉപേക്ഷിക്കാനാണ് പറയുന്നതെന്നും ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നു.
2020ലെ ബഡ്ജറ്റ് വിഹിതമായ 134.65 കോടി രൂപയ്ക്കുള്ള പുതിയ വാർഷിക പദ്ധതി മാർച്ച് 31ന് മുമ്പ് തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടുണ്ട്. ഇതിൽ നിന്നാണ് 2019ൽ പൂർത്തിയായ 36 കോടിയുടെ പ്രവൃത്തികളുടെ ബില്ലുകൾ ക്യൂവിലേക്ക് മാറ്റി സർക്കാർ പണം കൊടുത്തത്. ഇതോടെ ഇനി അവശേഷിക്കുന്നത് 98.65 കോടി രൂപയാണ്. അല്ലെങ്കിൽ സ്പിൽ ഓവർ പദ്ധതികൾ ഉപേക്ഷിക്കേണ്ടി വരും. 2019ലെ സ്പിൽ ഓവറും 2020ലെ പുതിയ ബഡ്ജറ്റ് വിഹിതവും കൂടുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി അടങ്കൽ 252 കോടി രൂപയാവും. 2020ലെ വിഹിതമായ 134.65ലേക്ക് ബഡ്ജറ്റ് വെട്ടിച്ചുരുക്കേണ്ടി വരുമ്പോൾ 117 കോടി രൂപയുടെ പദ്ധതികൾ ഉപേക്ഷിക്കേണ്ടി വരുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സൈറ്റ് വിസിറ്റ് നടത്തി ഇതുവരെ ആരംഭിക്കാത്ത പ്രവൃത്തികളുടെയും പെട്ടെന്ന് പ്രവൃത്തി നടത്താൻ കഴിയാത്ത പ്രവൃത്തികളുടെയും പട്ടിക തയ്യാറാക്കി 2020-21 വാർഷിക പദ്ധതി പുനഃക്രമീകരിക്കുവാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉമ്മർ അറയ്ക്കൽ സമർപ്പിച്ച നിർദ്ദേശം ചർച്ചയ്ക്കൊടുവിൽ ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
മുൻകാലങ്ങളിൽ അതത് സാമ്പത്തിക വർഷത്തെ ബില്ലുകളെല്ലാം ആ വർഷം തന്നെ മാറി നൽകിയിരുന്നു. ഇതല്ലെങ്കിൽ പുതിയ സാമ്പത്തിക വർഷത്തെ ഫണ്ടിനെ ബാധിക്കാതെ മുൻവർഷത്തെ വിഹിതമായി കണക്കാക്കി പണം നൽകിയിരുന്നു. സർക്കാർ ഇതു ചെയ്യാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
എ.പി.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്