മഞ്ചേരി:1.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി പൂക്കോട്ടൂർ സ്വദേശിയെ മഞ്ചേരി സി.ഐ അലവിയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക്സ്ക്വാഡ് പിടികൂടി. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി തോട്ടുങ്ങൽ ജാഫർ എന്ന കന്നാസ് ജാഫറാണ് അറസ്റ്റിലായത്. ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പൂക്കോട്ടൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഷും മറ്റ് വാറ്റ് ഉപകരണങ്ങളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടികൂടിയ വാഷ് നശിപ്പിച്ചു. ഇയാളുടെ പേരിൽ മഞ്ചേരി സ്റ്റേഷനിൽ ആത്മഹത്യാ പ്രേരണയ്ക്കും മങ്കട സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ട് .പ്രതിയെ കോടതിയിൽ ഹാജരാക്കും. മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, സി ഐ അലവി, എസ് ഐ നസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശികുണ്ടറക്കാട്, പി. സഞ്ജീവ് എന്നിവരെ കൂടാതെ മഞ്ചേരി സ്റ്റേഷനിലെ ഷൈജു, സബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.