പെരിന്തൽമണ്ണ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന സംഘത്തെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി . മലപ്പുറം പൊൻമള പട്ടത്ത് മൊയ്തീൻ കുട്ടിയും (44) പെരിന്തൽമണ്ണ പട്ടിക്കാട് മുള്ള്യാകുർശ്ശി നമ്പൂത്ത് ഷിഹാബുദ്ദീനുമാണ്(40) അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഷിഹാബിനെ മാര്യേജ് സർട്ടിഫിക്കറ്റുമായി പിടികൂടി. മലപ്പുറം കോട്ടപ്പടിയിലെ പ്രിന്റെക്സ് എന്ന പ്രിന്റിംഗ് സ്ഥാപനത്തിൽ വച്ച് മൊയ്തീൻ കുട്ടിയാണ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയതെന്ന് മൊഴി ലഭിച്ചു. തുടർന്ന് മൊയ്തീൻ കുട്ടിയെ കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നിർമ്മാണ സാമഗ്രികൾ കണ്ടെടുത്തു. മൊമെന്റോകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ മറവിലായിരുന്നു വ്യാജ രേഖാ നിർമ്മാണം. ഇവ വിദഗ്ദ്ധമായി നിർമ്മിക്കുന്ന ഇയാൾക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. യൂണിവേഴ്സിറ്റി അധികാരികൾ, ആർ.ടി.ഒ തുടങ്ങിയവരുടെ ഒപ്പുകൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനും തിരിച്ചറിയാനാവാത്ത വിധം സർട്ടിഫിക്കറ്റിൽ ഇടാനും സീൽ കമ്പ്യൂട്ടറിൽ തന്നെ നിർമ്മിച്ച് പതിപ്പിക്കാനും വിദഗ്ദ്ധനാണ്.വ്യാജമായി വാഹനങ്ങളുടെ ആർ.സികൾ, ലൈസൻസുകൾ,- വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ജോലി പരിചയ സർട്ടിഫിക്കറ്റുകൾ, എന്നിവ വ്യാജമായി നിർമ്മിച്ച് 10,000 മുതൽ 25,000 വരെ രൂപയ്ക്കാണ് വിൽക്കുന്നത്. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് വിദേശത്ത് നിന്നു പോലും ഓർഡറുകൾ വരുന്നുണ്ട്. നാട്ടിൽ അന്യസംസ്ഥാനത്തൊഴിലാളികൾക്കും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നു.