മലപ്പുറം: കുടുംബശ്രീ വായ്പയ്ക്കായി അപേക്ഷിച്ചവരെ ബാങ്കുകൾ അനാവശ്യമായി വട്ടംകറക്കുന്നു. ജില്ലയിൽ 20,788 അയൽക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷ കുടുംബശ്രീ ജില്ലാ മിഷൻ വിവിധ ബാങ്കുകളിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ഇതുവരെ 8,608 അയൽക്കൂട്ടങ്ങളുടെ വായ്പ മാത്രമാണ് അനുവദിച്ചത്. 72.63 കോടി രൂപ വരുമിത്. ഇതിൽ 29 കോടി രൂപ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അനുവദിച്ചതാണ്. 5,000 രൂപയാണ് ഒരംഗത്തിന് ലഭിക്കുക. ഓഡിറ്റിംഗിന്റെ പേരിലായിരുന്നു തുടക്കത്തിൽ വായ്പകൾ പരിഗണിക്കാതിരുന്നത്. ചില ബാങ്കുകൾ ഇതുവരെ കുടുംബശ്രീയുമായി വായ്പാ കരാറിൽ ഏർപ്പെട്ടിട്ടില്ല. ഇത്തരം ബാങ്കുകളിലുള്ള അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാനുള്ള നടപടികളിലാണ് കുടുംബശ്രീ മിഷൻ. ഇടപാടുകാരെ സഹായിക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് പറയുന്ന ബാങ്കുകൾ പോലും കുടുംബശ്രീയുടെ വായ്പാ അപേക്ഷകൾ വരുമ്പോൾ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടുന്നു.
വായ്പയും പ്രതീക്ഷിച്ച് ബാങ്കുകളിൽ കയറിയിറങ്ങുന്ന കുടുംബശ്രീ അംഗങ്ങൾക്ക് മുന്നിൽ മുടന്തൽ ന്യായങ്ങളുടെ പട്ടികയാണ് ബാങ്ക് അധികൃതർ നിരത്തുന്നത്. ലോക്ഡൗൺ കാലത്തും അയൽക്കുട്ടത്തിലെ എല്ലാ അംഗങ്ങളും ബാങ്കിലെത്തി വായ്പാ കരാറിൽ ഒപ്പിടണമെന്നാണ് ഒരുബാങ്കിന്റെ ആവശ്യം. ലോക്‌ഡൗണിൽപ്പെട്ട് മറ്റ് ജില്ലകളിലടക്കം കുടുങ്ങിയ അംഗങ്ങളുണ്ടെങ്കിൽ അയൽക്കൂട്ടിലെ ആർക്കും വായ്പ കിട്ടില്ല. ഇതിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷൽ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയിട്ടുണ്ട്. മറ്റ് വായ്പകൾക്കെല്ലാം യഥേഷ്ടം ഫണ്ടുണ്ടെങ്കിലും കുടുംബശ്രീക്കാർ എത്തുമ്പോൾ ഫണ്ടില്ലെന്ന് പറഞ്ഞ് മടക്കുന്നവരുമുണ്ട്. അയൽക്കൂട്ടത്തിനൊപ്പം അംഗങ്ങൾക്കെല്ലാവർക്കും തങ്ങളുടെ ബാങ്കിൽ അക്കൗണ്ട് വേണമെന്ന് ശഠിക്കുന്നവരുമുണ്ട്.
ഇതിനു തയ്യാറായാൽ അപേക്ഷാ ഫോറമില്ലെന്ന് പറഞ്ഞ് കൈമലർത്തും. മാനേജർമാർ നാട്ടിൽ പോയി, റിട്ടേർഡ് ആയി ഇങ്ങനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അടിയന്തിരമായി നൽകേണ്ട വായ്പ നിഷേധിക്കുകയാണ് പല ബാങ്കുകളും.
കുടുംബശ്രീ മിഷനിൽ ലഭിച്ച അപേക്ഷകളിൽ 94 ശതമാനവും തീർപ്പാക്കി വായ്പ അനുവദിക്കുന്നതിനായി ബാങ്കുകളിലേക്ക് അയച്ചിട്ടുണ്ട്. വായ്പ ലഭിക്കുന്നതിന് ബാങ്കുകളിലെ കാലതാമസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
സി.കെ. ഹേമലത, കുടുബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ