പൊന്നാനി: കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടാൻ തീരുമാനിച്ച തെയ്യങ്ങാട് ജി.എൽ.പി സ്കൂളിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൽ.പി സ്കൂളുകളിലൊന്നാക്കി മിനി ടീച്ചർ പടിയിറങ്ങുന്നു. 2007ൽ പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തുമ്പോൾ 80 കുട്ടികളുണ്ടായിരുന്നിടത്ത് 800 കുട്ടികളാണ് ഇന്നുള്ളത്. പ്രവേശനത്തിനായി അപേക്ഷ നൽകുന്നവരിൽ പകുതി പേർക്കേ അഡ്മിഷൻ ലഭിക്കുന്നുള്ളൂ. പി ടി എയും നാട്ടുകാരും പൊന്നാനി നഗരസഭയും നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പ്രധാനാദ്ധ്യാപിക മിനിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അംഗീകാരം സ്കൂളിനായിരുന്നു.
1987ലാണ് മിനി അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. താനൂർ നോർത്ത് ജി.എം.എൽ.പിയിലായിരുന്നു ആദ്യ നിയമനം.1988ൽ പൊന്നാനി ജി.എൽ.പി സ്ക്കൂളിലെത്തി. ഒന്നാം ക്ലാസ് അദ്ധ്യാപികയായി 16 വർഷം. 2005ൽ ടൗൺ ജി.എം.എൽ.പിയിൽ പ്രധാനാദ്ധ്യാപികയായി. 2007ലാണ് തെയ്യങ്ങാട് ജി.എൽ.പി സ്ക്കൂളിലേക്കെത്തുന്നത്. അന്ന് നാല് ഡിവിഷനേയുള്ളൂ. നാല് അദ്ധ്യാപകരും. എന്നാലിപ്പോൾ 17 ഡിവിഷനും 21 എൽ.പി അദ്ധ്യാപകർ ഉൾപ്പെടെ 40 ജീവനക്കാർ സ്ക്കൂളിലുണ്ട്. 2016ൽ പഠന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി.
ക്ലാസ് മുറികൾ ആധുനികവത്ക്കരിച്ചും ആകർഷകമാക്കിയായിരുന്നു തുടക്കം. ഹൈടെക്ക് ക്ലാസ് മുറികളും പാഠ്യേതര രംഗത്തെ മികവുകളും വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷവുമൊക്കെയായി സ്കൂളിന്റെ മുഖം മിനുക്കി.
ഏറ്റവുമൊടുവിൽ മികച്ച അദ്ധ്യാപികയ്ക്കള്ള സംസ്ഥാന അവാർഡ് മിനിയെ തേടിയെത്തി. പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരനായിരുന്ന ഉണ്ണിക്കൃഷ്ണനാണ് ഭർത്താവ്. മാതൃ ശിശു ആശുപത്രിയിലെ ഡോക്ടർ അശ്വതി, ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥയായ ആതിര എന്നിവർ മക്കളാണ്.