കൊണ്ടോട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താൻ മുൻ ദേശീയ ഫുട്ബാൾ ടീം താരം അനസ് എടത്തൊടികയുടെ ജഴ്സി ലേലത്തിൽവെച്ചപ്പോൾ ലഭിച്ചത് 1,55,555 രൂപ. ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റിയാണ് ജഴ്സി ലേലം ചെയ്തത്. ഏഷ്യാ കപ്പ് ഫുഡ്ബാളിൽ അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോൾ ധരിച്ച 22ാം നമ്പർ ജഴ്സിയാണ് ഡി.വൈ.എഫ്.ഐക്ക് കൈമാറിയത്. ഓൺലൈനായാണ് ലേലം നടന്നത്. കൊണ്ടോട്ടിയിലെ യുവസംരംഭകരും സഹോദരങ്ങളുമായ സൂഫിയാൻ കാരിയും അഷ്ഫർ സാനുവുമാണ് ഉയർന്ന തുക നൽകി ജഴ്സി സ്വന്തമാക്കിയത്. ജഴ്സി അനസ് എടത്തൊടിക ഇവർക്ക് കൈമാറി. 2017 മാർച്ച് 22നാണ് അനസ് ആദ്യമായി ഇന്ത്യയ്ക്കായി കളിക്കാൻ ഇറങ്ങിയത്.