മലപ്പുറം: കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ദുബൈയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ 181 പ്രവാസികൾ കൂടി തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഐ.എക്​സ് 1344 എയർ ഇന്ത്യ എക്​സ്പ്രസ് വിമാനത്തിൽ 103 പുരുഷൻമാരും 78 സ്ത്രീകളും ഉൾപ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ നിന്നുള്ളവരാണ് ഉണ്ടായിരുന്നത്.
65 വയസിന് മുകളിൽ പ്രായമുള്ള നാലുപേർ, 10 വയസിനു താഴെ പ്രായമുള്ള 45 കുട്ടികൾ, 26 ഗർഭിണികൾ എന്നിവരുൾപ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരിൽ ഒരാളെ വിവിധ ആരോഗ്യ പ്രശ്​നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്​നങ്ങളില്ലാത്ത 106 പേരെ സ്വന്തം വീടുകളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുമാക്കി. ഒരാൾ സ്വന്തം ചെലവിലുള്ള നിരീക്ഷണ സൗകര്യം തിരഞ്ഞെടുത്തു.